5 September 2016

മരതകം

മരതകം

ബുധന്‍റെ രത്നമായ മരതകം, മുളമരത്തിന്‍റെ ഇലയുടെ നിറത്തിലുള്ളത്. തത്തയുടെ ചിറകിന്‍റെ നിറമുള്ളത്, മയില്‍ പീലിയുടെ പച്ചനിറമുള്ളത്, അങ്ങനെ വിവിധ പച്ച നിറങ്ങളില്‍ കാണപ്പെടുന്നു. ഇംഗ്ലീഷില്‍ ഇത് എമറാള്‍ഡ് എന്നറിയപ്പെടുന്നു. ഭാരതത്തില്‍ രാജസ്ഥാന്‍, ഹിമാലയ പ്രാന്തപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മരതകം ലഭിക്കുന്നു. എന്നാല്‍ ഏറ്റവും പ്രസ്തമായ മരതക ഖനികള്‍, തെക്കേ അമേരിക്കയിലെ ബ്രസീലിലും, കൊളംബിയയിലുമാണ്. അലുമിനിയത്തിന്‍റെയും, ബരിലിയത്തിന്‍റെയും, സിലിക്കേറ്റുകള്‍ ചേര്‍ന്നാണ് മരതകം ഉണ്ടാകുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മിക്ക മരതകത്തിലും ഏതെങ്കിലും രീതിയിലുള്ള പാടുകള്‍ കാണാറുണ്ട്‌. അത് മരതകത്തിന്‍റെ ഒരു ഭാഗമായി ചിലര്‍ പരിഗണിക്കുന്നു. എന്നാല്‍ അപൂര്‍വ്വമായി ശുദ്ധമായ മരതകങ്ങള്‍ ലഭിക്കാറുണ്ട്. കൃത്രിമ വെളിച്ചത്തില്‍പോലും മരതകം അതിന്‍റെ നിറം നിലനിര്‍ത്തുന്നു. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ബുധനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് മരതക രത്നം സാധാരണയായി ധരിക്കുന്നത്. മരതകത്തെപ്പറ്റി പഠിക്കുമ്പോള്‍ ബുധനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

ഈ സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമാണ്. അതുകൊണ്ട് പലപ്പോഴും ഇതിനെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയാറില്ല.

മരതകം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍

ബുദ്ധിഭ്രമം, പരുഷവാക്ക്, നേത്രരോഗം, തൊണ്ടരോഗം, നാസികരോഗം, തൃദോഷ കോപജ്വരം, വിഷബാധ ത്വക്ക് രോഗം, പാണ്ട്, രോഗം, ദുഃസ്വപ്നം, വിചര്‍ചിക (ത്വക്ക് രോഗം), വീഴ്ച പാരുഷ്യം, ബന്ധനം, ശരീരദ്ധ്വാനം, ഗന്ധര്‍വ്വബാധ, ഭൂമിവാസിഗ്രഹബാധ, ഹര്‍മ്മ്യവാസിഗ്രഹബാധ, ഗുഹ്യരോഗം, ഉദരരോഗം, അദൃശ്യരോഗങ്ങള്‍, മന്ദാഗ്നി രോഗം, ശൂലരോഗം, ഗ്രഹണീരോഗം മുതലായവ ബുധന്‍റെ ശക്തിക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളാണ്.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മരതകം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ബുധന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മരതകം ചെയ്യുന്നത്. 

മരതകത്തിന്‍റെ കാഠിന്യം 7.3/4 സ്പെസിഫിക് ഗ്രാവിറ്റി 2.69 - 2.80. 

യഥാര്‍ത്ഥ മരതകം ധരിച്ചാല്‍ അത് ധരിക്കുന്ന ആള്‍ക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുകയും ബുദ്ധി ചിന്താശക്തി ഇവ കൂട്ടുകയും ചെയ്യും. മരതകം സര്‍പ്പദംശനത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും ധരിക്കുന്ന ആളെ രക്ഷിക്കും. ഗര്‍ഭിണിയായ സ്ത്രീകള്‍ മരതകം ധരിച്ചാല്‍ സുഖപ്രസവം നടക്കും. തലവേദന, ആര്‍ശ്ശസ് തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാകും എന്നാല്‍ കൃത്രിമമായതോ ദോഷമുള്ളതോയായ മരതകം ധരിച്ചാല്‍ നിരാശ, ധന നഷ്ടം, അപകടങ്ങള്‍ തുടങ്ങിയ ദോഷഫലങ്ങള്‍ അനുഭവിക്കും. പ്രാചീന വൈദ്യശാഖകളില്‍ ഔഷധരൂപത്തില്‍ മരതകം ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.   

 മരതക രത്ന ധാരണ വിധി

മരതകം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മരതകം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേനിറത്തിലുള്ള പട്ടു തുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുമ്പോള്‍ തീർച്ചപ്പെടുത്താം.

മോതിരത്തില്‍ ധരിക്കേണ്ട മരതകത്തിന് മൂന്നു കാരറ്റിന് മുകളിലെങ്കിലും ഭാരം ഉണ്ടായിരിക്കണം. ഭാരം കൂടുംന്തോറും രത്നങ്ങള്‍ക്ക് ഫലദാനശേഷി കൂടും. മോതിരം നി൪മ്മിക്കുവാനുപയോഗിക്കുന്ന സ്വ൪ണ്ണത്തിനും മോതിരത്തിന്‍റെ തൂക്കം ഉണ്ടായിരിക്കണം. രത്നം ശരീരത്തില്‍ സ്പ൪ശിക്കുന്ന വിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. മോതിരം സ്വ൪ണ്ണത്തില്‍ ഘടിപ്പിക്കുന്നതിന് അനുയോജ്യമായ ദിവസങ്ങള്‍ ബുധന്‍റെ  നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, രേവതി എന്നീ ദിനങ്ങളാണ്. ഏതെങ്കിലും ബുധനാഴ്ചയോ, ബുധന്‍റെ ഹോര വരുന്ന മറ്റു ദിവസങ്ങളിലോ മോതിരം ഘടിപ്പിക്കാം. 

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ പച്ചനിറമുള്ള പട്ടിനുള്ളില്‍ പൊതിഞ്ഞുവെയ്ക്കണം. ബുധയന്ത്രം വച്ചിട്ടുള്ള പീഠത്തില്‍ വെച്ച് ബുധന്‍റെ മന്ത്രം കൊണ്ട് ശക്തി പക൪ന്ന് ഷോഡശോപചാരപൂജ നടത്തി മോതിരം കന്നിരാശി വരുമ്പോഴോ മിഥുന രാശി വരുമ്പോഴോ വലത്തുകയ്യുടെ ചെറുവിരലില്‍ ധരിക്കണം. 

മരതകത്തോടൊപ്പം ധരിക്കാവുന്ന രത്നങ്ങള്‍ വജ്രവും ഗോമേദകവുമാണ്. മറ്റുള്ള രത്നങ്ങള്‍ മരതകത്തോടൊപ്പം ധരിക്കുന്നത് നന്നല്ല. നവവധുവരന്മാ൪ മരതകം ധരിക്കരുത്. മരതകത്തിന്‍റെ കാലാവധി 3 വർഷമാണ്‌. അതിന് ശേഷം പുതിയ മരതകം ധരിക്കുക.

No comments:

Post a Comment