25 August 2016

നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്ര

നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്ര

ദൈവീകാംശമുള്ള, ശിവന്റെ സന്തത സഹചാരി. ശിവന്റെ ഗണങ്ങളിൽ ഒന്നാമൻ. പല ശിവക്ഷേത്രങ്ങളിലും ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള നന്ദീവിഗ്രഹത്തെ തൊഴുതശേഷമാകും നാം ഉള്ളിൽക്കടക്കുന്നത്. കേരളത്തിനു പുറത്തുള്ളവർ പലരും നന്ദിയുടെ കാതിൽ രഹസ്യമോതുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത്ഭുതമാണു തോന്നിയിരുന്നത്. തങ്ങളുടെ ആവലാതികളും സങ്കടവുമൊക്കെ നേരെ ഭഗവാനു സമക്ഷം എത്തിച്ചേരുമെന്ന വിശ്വാസമാകാം. എന്തായാലും ഒന്നു തീർച്ച, നന്ദികേശ്വരൻ ശിവന് ഏറ്റവും പ്രിയൻ തന്നെ. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്ത ജ്ഞാനിയായും, രാവണനെ മനുഷ്യനാൽ കൊല്ലപ്പെടുമെന്നു ശപിച്ച തപസ്വിയായുമൊക്കെ ചിത്രീകരിയ്ക്കപ്പെടുന്നു. അകമഴിഞ്ഞ സ്വാമിഭക്തിയും നന്ദിയെ കീർത്തിമാനാക്കി, ശിവഭക്തർക്കു പ്രിയമുള്ളവനാക്കി.

നന്ദിയുടെ വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്രങ്ങൾ കുറവാണ് . എന്നാൽ മഹാരാഷ്ട്രയിലെ നാസിക് എന്ന സ്ഥലത്തെ പഞ്ചവടിയിലെ കപാ‍ലേശ്വര്‍ മഹാദേവ ക്ഷേത്രം വ്യത്യസ്തമാകാൻ കാരണം നന്ദിയുടെ അഭാവമാണ്. ഈ അഭാവത്തിനു പിന്നിലും രസകരമായൊരു പുരാണകഥയുണ്ട്. ഒരിയ്ക്കൽ ഇന്ദ്രസഭയിൽ വച്ച് ശിവനും ബ്രഹ്മാവും തമ്മിൽ തർക്കമുണ്ടായെന്നും അന്നു അഞ്ചുതലകളുണ്ടായിരുന്നു ബ്രഹ്മാവിനെന്നും പറയപ്പെടുന്നു. നാലു തലകളാൽ വേദമോതി അഞ്ചാമത്തെ തലയാൽ ശിവനോടു തർക്കിച്ചപ്പോൾ കുപിതനായ ശിവൻ ആ തല വെട്ടിക്കളഞ്ഞു. അങ്ങിനെയാണ് ബ്രഹ്മാവ് നാന്മുഖനായത്. ബ്രഹ്മഹത്യാപാപത്തിൽ നിന്നും മുക്തനാകാൻ ലോകം ചുറ്റി സഞ്ചരിയ്ക്കവേ സോമേശ്വറിലെത്തിയ ഭഗവാൻ മൂക്കുകയറിടാൻ ശ്രമിയ്ക്കുന്ന ബ്രാഹ്മണനെ കൊല്ലാൻ ശ്രമിയ്ക്കുന്ന പശുക്കിടാവിനേയും അരുതെന്നും ബ്രഹ്മഹത്യ പാപമാണെന്നും പറയുന്ന പശുവിനേയും കാണാനിടയായി. ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മോചനം നേടാനുള്ള വഴി തനിക്കറിയാമെന്ന് തള്ളപ്പശുവിനോട് പറയുന്ന കിടാവ് ബ്രാഹ്മണനെകൊന്നപ്പോൾ പാപഭാരം മൂലം നീലനിറമാകുകകയും അടുത്തുള്ള ഗോദാവരീനദിയിലെ രാമകുണ്ഠത്തിൽ മുങ്ങിക്കുളിച്ചപ്പോൾ പാപം നീങ്ങി പഴയനിറത്തിലാകുകയും ചെയ്തെന്നും അതു കണ്ട ശിവനും അതേ പോലെ ഗോദാവരിയിൽ മുങ്ങീക്കുളിച്ച് പാപഭാരം കളഞ്ഞെന്നും ഐതിഹ്യം പറയുന്നു. അവിടെയടുത്തുള്ള കുന്നിന്മുകളിലേയ്ക്ക് ശിവനോടൊപ്പമെത്തിയ കാളക്കിടാവിനോട് നീ എനിയ്ക്കു പാപമോചനത്തിനായുള്ള വഴി കാട്ടിത്തന്നതിനാൽ ഗുരുതുല്യനാണെന്നും മുന്നിൽ ഇരിയ്ക്കരുതെന്നും ശിവൻ പറഞ്ഞതിനാലാണിവിടെ നന്ദിപ്രതിഷ്ഠ ഇല്ലാതെ വന്നതെന്നാണു ഐതിഹ്യം.

🗣🕉🕉🕉
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment