ശബരിമല സന്നിധാനത്തിലെ പതിനെട്ടു പടികള്‍:
മനുഷ്യന്‍റെ പരിമിതമായ ബോധമണ്ഡലം പരിശീലനത്തിലൂടെ ആറുതലങ്ങള്‍ കടന്നാണ് പൂര്‍ണ്ണവികാസത്തിന്‍റെ പരമസ്വാതന്ത്ര്യം നേടുന്നത്. ഈ ആറു ഘട്ടങ്ങളെയും അവ ഓരോന്നിന്‍റെയും ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുകയാണ് ഈ പതിനെട്ടു പടികള്‍.
ആദ്യത്തെ അഞ്ചുപടികള്‍ ഗന്ധം, രൂചി, കാഴ്ച, സ്പര്‍ശം, ശബ്ദം എന്നീ ഇന്ദ്രിയാനുഭവങ്ങളെയും, ആറുമുതല്‍ പതിമൂന്നുവരെയുള്ള പടികള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരികഭാവങ്ങളെയും പതിനാലു മുതല്‍ പതിനാറുവരെയുള്ളവ സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്‌കാരപരമായ ഊര്‍ജ്ജതാളങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം കൂടിചേര്‍ന്നു പരിമിതമാക്കിയിട്ടുള്ള ഒരു അവസ്ഥയിലാണു സാധാരണ ഗതിയില്‍ മനുഷ്യബോധമണ്ഡലം. അജ്ഞാനത്തിന്‍റെ ഈ അവസ്ഥയായ അവിദ്യയെയാണു പതിനേഴാമത്തെ പടി സൂചിപ്പിക്കുന്നത്. ബോധമണ്ഡലത്തിന്‍റെ ഈ പരിമിതാവസ്ഥയെ വിദ്യകൊണ്ടുമാത്രമേ അതിലംഘിക്കുവാന്‍ കഴിയുകയുള്ളൂ.
പതിനെട്ടാംപടി വിദ്യയെ പ്രതിനിധാനം ചെയ്യുന്നു.
വിദ്യയാല്‍ അവിദ്യ അതിലംഘിക്കപ്പെടുന്നു. വിദ്യയെന്ന പടിയും കടക്കുമ്പോള്‍, ജീവാത്മാവ് എല്ലാ പരിമിതികളില്‍നിന്നും വിമുക്തമായി പരമാത്മാവിന്‍റെ പൂര്‍ണ്ണപ്രജ്ഞയെന്ന സ്വാതന്ത്ര്യം കൈവരിക്കുന്നു. വിദ്യവരെ ദ്വൈതാവസ്ഥ നിലനില്‍ക്കുന്നു. ജ്ഞാനം ആര്‍ജ്ജിച്ച് ആ പടിയും കടക്കുമ്പോള്‍ ദ്വൈതം അദ്വൈതബോധത്തിനു വഴിമാറിക്കൊടുക്കുന്നു. അവിടെ “തത്വമസി” (അത് നീയാകുന്നു) എന്ന് എഴുതി വച്ചിരിക്കുന്നു.
ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധിജീവികള്‍ നടത്തുന്ന വാദകോലാഹലങ്ങളെന്തുമാകട്ടെ, ഈ ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ശ്രീ ശബരീശ തത്ത്വം.
ജ്ഞാനമാകുന്ന പടിയും കടക്കുന്നതോടെ ശബരീശന്‍റെ ചിന്മുദ്ര സൂചിപ്പിക്കുന്നതുപോലെ പരിമേയമായ ജീവാത്മാവ് തന്‍റെ അപരിമേയമായ ഉണ്മയുമായി താദാത്മ്യം പ്രാപിച്ച ആനന്ദത്തില്‍ നിത്യമാകുന്ന ഭയരഹിതനും സ്വതന്ത്രനുമായിരിക്കുന്നു.
കൂടാതെ 18 പടികളില്‍ 1-5 വരെ ഇന്ദ്രാദി ദേവകള്‍ 6-13 വരെ രാഗങ്ങള്‍ 14-16 വരെ ത്രിഗുണങ്ങള്‍ 17 ആദിവിദ്യ 18 സര്‍വ്വവിദ്യ ഇവയെ ദ്യോതിപ്പിക്കുന്നു. എന്നിരിക്കിലും 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗംമല
8. മൈലാട്ടുംമല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല....
ഓരോ പടിയും ഓരോന്നിനെക്കുറിക്കുന്നു. നേത്രേന്ദ്രിയം, ശ്രോതേന്ദ്രിയം, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, ത്വഗിന്ദ്രിയം എന്നീ അഞ്ച് ഇന്ദ്രിയങ്ങള്‍ക്ക് സൂചകമത്രേ ആദ്യ അഞ്ചുപടികള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, സംദ്, അസൂയ എന്നിവയത്രേ ആറുമുതല്‍ പതിമൂന്നു വരെ പടികള്‍. സാത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങള്‍ പിന്നീടുള്ള മൂന്നുപടികള്‍. വിദ്യ, അവിദ്യ എന്നിവ പതിനേഴും പതിനെട്ടും പടികള്‍. പതിനെട്ടാം പടിക്ക് ശിവപദമെന്നും വിശേഷണമുണ്ട്. പതിനെട്ട് പുരാണങ്ങളാണ് പതിനെട്ടുപടികള്‍ എന്നും വിശ്വാസം. ശബരിമലയില്‍ പ്രതിഷ്ഠയ്ക്കെത്തിയപ്പോള്‍ അയ്യപ്പന്‍ പതിനെട്ട് ആയുധങ്ങളും പതിനെട്ടുപടികളില്‍ ഉപേക്ഷിച്ചെന്ന് മറ്റൊരു ഐതിഹ്യം.
സ്വാമിയേ ശരണമയ്യപ്പാ!!
No comments:
Post a Comment