അര്‍ജുനന്‍
മഹാഭാരതത്തിലെ പ്രമുഖകഥാപാത്രങ്ങളിലൊരാള്‍; കുന്തിക്ക് ഇന്ദ്രനിലുണ്ടായ പുത്രന്‍. പാണ്ഡുപുത്രന്മാര്‍ അഞ്ചുപേരില്‍ മൂന്നാമനായതുകൊണ്ട് മധ്യമപാണ്ഡവന്‍ എന്നും അര്‍ജുനനെ വിളിക്കാറുണ്ട്. അര്‍ജുനനും അര്‍ജുനസ്യാലനും സാരഥിയുമായ കൃഷ്ണനും പൂര്‍വജന്മത്തില്‍ നരനാരായണന്‍മാരെന്ന പേരിലുള്ള തപസ്വികളായിരുന്നെന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്.
കിന്ദമമുനിയുടെ ശാപംകൊണ്ട് പത്നീസ്പര്‍ശത്തിന് അശക്യനായിത്തീര്‍ന്ന പാണ്ഡുവിന്റെ അനുവാദത്തോടുകൂടി പട്ടമഹിഷിയായ കുന്തി ദുര്‍വാസാവ് നല്കിയ വരശക്തികൊണ്ട് ഇന്ദ്രനെ സമീപത്തു വരുത്തി. കുന്തിക്ക് ഇന്ദ്രനില്‍നിന്നും ജനിച്ച പുത്രനാണ് അര്‍ജുനന്‍. സ്വജീവിതത്തില്‍ അര്‍ജുനന്‍ നിര്‍വഹിക്കാന്‍ പോകുന്ന പരാക്രമങ്ങള്‍ പ്രവചിച്ചുകൊണ്ട് ജനനസമയത്തുതന്നെ അശരീരിവചസ്സുണ്ടായി. കശ്യപന്‍, ശുകന്‍, കൃപര്‍ തുടങ്ങിയവരില്‍നിന്ന് അഭ്യസിച്ചുതുടങ്ങിയ ആയുധവിദ്യ ദ്രോണാചാര്യരുടെ കീഴിലാണ് അര്‍ജുനന്‍ പൂര്‍ത്തിയാക്കിയത്. ദ്രോണരുടെ സവിശേഷ വാത്സല്യത്തിനു പാത്രമായിത്തീര്‍ന്ന അര്‍ജുനന്‍ സകല ആയുധവിദ്യകളിലും പരീക്ഷകളിലും അദ്ദേഹത്തിന്റെ ശിഷ്യരില്‍ അഗ്രിമസ്ഥാനം കൈവരിച്ചു. തന്നെ മുന്‍പൊരിക്കല്‍ നിന്ദിച്ച ദ്രുപദരാജാവിനെ ബന്ധിച്ചുകൊണ്ടുവന്ന് ഗുരുദക്ഷിണ നല്കണമെന്നുള്ള ദ്രോണരുടെ ആഗ്രഹവും അര്‍ജുനന്‍ നിറവേറ്റി.
മഹാഭാരതയുദ്ധത്തിനുമുന്‍പുള്ള അര്‍ജുനന്റെ പ്രശസ്തിക്ക് ഹേതുഭൂതമായ മുഖ്യസംഭവങ്ങള്‍ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, പാശുപതാസ്ത്രലബ്ധി, നിവാതകവചകാലകേയവധം, ഉര്‍വശീശാപം, അജ്ഞാതവാസക്കാലത്തെ കൌരവോച്ചാടനം തുടങ്ങിയവയാണ്. അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ടു നടക്കുന്നകാലത്ത് ഗംഗാതീരത്തുവച്ച് ചിത്രരഥനെന്ന ഗന്ധര്‍വനെ ബന്ധിച്ചതും ദ്രൌപദീയുധിഷ്ഠിരസമാഗമരംഗത്തില്‍ ഓര്‍മിക്കാതെ കയറിയതിനു പ്രായശ്ചിത്തമായി തീര്‍ഥാടനം നടത്തിയതും അക്കാലത്ത് നാഗരാജപുത്രിയായ ഉലൂപിയെയും മണിപുരരാജകുമാരിയായ ചിത്രാംഗദയെയും പരിണയിച്ചതും സുഭദ്രാപഹരണം നടത്തിയതും സന്താനഗോപാലകഥയില്‍ മര്‍മസ്പൃക്കായ ഒരു പങ്കു നിര്‍വഹിച്ചതും ഭാരതഭാഗവതാദി പുരാണങ്ങളില്‍ അര്‍ജുനന്റെ അസാധാരണ സിദ്ധികളെ ഉദാഹരിക്കാന്‍ ചേര്‍ത്തിട്ടുള്ള ഉപാഖ്യാനങ്ങളില്‍ ചിലതാണ്. ഈ കാലത്താണ് അര്‍ജുനനും ഹനുമാനും തമ്മില്‍ ഒരു ബലപരീക്ഷണമുണ്ടാകുന്നതും മധ്യസ്ഥതീരുമാനപ്രകാരം ഹനുമാന്‍ അര്‍ജുനന്റെ കൊടിയടയാളമായിത്തീരുന്നതും. ഒരിക്കല്‍ ഗാലവന്‍ എന്ന മുനിയോട് അര്‍ജുനനും കൃഷ്ണനും ചെയ്ത വിപരീതപ്രതിജ്ഞകള്‍ പാലിക്കാനായി ഇവര്‍ രണ്ടുപേരും തമ്മില്‍ ഘോരമായ യുദ്ധം നടന്നതായി ഒരു കഥയും പുരാണങ്ങളിലുണ്ട്.
ഭാരതയുദ്ധം. നിരായുധനായ കൃഷ്ണനെ സാരഥിയായി വരിച്ചുകൊണ്ടുള്ള ഉഗ്രമായ കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ത്തന്നെ സ്വജനവധത്തില്‍ വിഷാദവിവശനായിത്തീര്‍ന്ന അര്‍ജുനനെ കൃഷ്ണന്‍ ഗീതോപദേശം കൊണ്ട് കര്‍ത്തവ്യോന്മുഖനാക്കി. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് അര്‍ജുനന്‍ ഭീഷ്മരെ നിലംപതിപ്പിച്ച് ശരശയ്യയില്‍ കിടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ഭീകരമായ ഏറ്റുമുട്ടലുകളില്‍ സുധന്വാവ്, ഭഗദത്തന്‍, വൃഷകന്‍, അചലന്‍, ജയദ്രഥന്‍, അലംബുഷന്‍, ഏറ്റവുമൊടുവില്‍ കര്‍ണന്‍ തുടങ്ങിയ പ്രതിപക്ഷവീരന്മാരെ വധിക്കുകയും ചെയ്തു. വീരന്മാരായ പുത്രന്മാരെ-അഭിമന്യുവിനെയും ഇരാവാനെയും ശ്വേതകീര്‍ത്തിയെയും-ഈ യുദ്ധത്തില്‍ അര്‍ജുനനു നഷ്ടപ്പെട്ടു.
യുദ്ധവിജയത്തിനുശേഷം ധര്‍മപുത്രര്‍ നടത്തിയ അശ്വമേധത്തിനുവേണ്ടി ദ്വിഗ്വിജയം ചെയ്തുവരുംവഴി അര്‍ജുനന്‍ സ്വപുത്രനായ ബഭ്രുവാഹനനാല്‍ വധിക്കപ്പെട്ട ഒരു സംഭവമുണ്ടായിട്ടുണ്ട്. ഭീഷ്മമാതാവായ ഗംഗാദേവിയുടെ ശാപംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പക്ഷേ, ശാപമോക്ഷമനുസരിച്ച് മൃത്യുഞ്ജയമന്ത്രത്താല്‍ അര്‍ജുനന്‍ വീണ്ടും ജീവിപ്പിക്കപ്പെട്ടു. ചിത്രാംഗദയുടെ പുത്രനായിരുന്നു ബഭ്രുവാഹനന്‍; ഉലൂപിയുടേത് ഇരാവാനും. (പാഞ്ചാലിയില്‍ ശ്വേതകീര്‍ത്തി, സുഭദ്രയില്‍ അഭിമന്യു)ആഭ്യന്തരകലഹംമൂലം യാദവവംശം നശിക്കുകയും കൃഷ്ണന്‍ സ്വര്‍ഗാരോഹണം നടത്തുകയും ചെയ്തശേഷം അര്‍ജുനന്‍ ദ്വാരകയിലെത്തി പിതൃക്കള്‍ക്കു വേണ്ട അപരകര്‍മങ്ങളെല്ലാം നടത്തി. ജീവിതലക്ഷ്യം സാധിച്ചുകഴിഞ്ഞ അര്‍ജുനന്റെ ശക്തി അപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. അഗ്നി പ്രത്യക്ഷപ്പെട്ട് ഗാണ്ഡീവം തിരികെ ആവശ്യപ്പെട്ടതോടുകൂടി അര്‍ജുനന്റെ ഭൌതികപ്രഭാവങ്ങളെല്ലാം അസ്തമിക്കുകയും ആക്രമിക്കാനെത്തിയ ആഭീരന്മാരാല്‍ പരാജിതനാക്കപ്പെടുകയും ചെയ്തു.
അതിനുശേഷം യുധിഷ്ഠിരനെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനമാരംഭിച്ചു; പാഞ്ചാലി അവരെ അനുഗമിച്ചു. ആ യാത്രയില്‍ പാഞ്ചാലി മുതല്‍ ഓരോരുത്തരായി മരിച്ചു നിലത്തു വീണു. തന്റെ ഊഴം വന്നപ്പോള്‍ അര്‍ജുനനും നാലാമനായി താഴെ വീണു മരിച്ചു. ഒടുവില്‍ ഇന്ദ്രന്‍ കൊടുത്തയച്ച സ്വര്‍ണരഥത്തില്‍ കയറി യുധിഷ്ഠിരന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ സഹോദരന്മാരൊത്ത് പാഞ്ചാലിയും അവിടെ വസിക്കുന്നതായി കണ്ടു
അര്‍ജുനന്റെ സ്ഥാനം. മഹാഭാരതത്തിലുള്ളവരില്‍ മാത്രമല്ല ഭാരതീയപുരാണകഥാപാത്രങ്ങളില്‍ത്തന്നെ നിറപ്പകിട്ടു നല്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു വീരനായകനാണ് മധ്യമപാണ്ഡവനായ അര്‍ജുനന്‍. ഭാരതീയ സാഹിത്യങ്ങളുടെ സകലശാഖകളിലും അര്‍ജുനനെ കഥാനായകനാക്കിയോ അദ്ദേഹത്തിന്റെ ജീവചരിത്രസംഭവങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയോ രചിക്കപ്പെട്ടിരിക്കുന്ന എണ്ണമറ്റ രചനകളുണ്ട്. അര്‍ജുനന്റെ അഹന്തയെയും വീരശൌര്യപരാക്രമങ്ങളെയും ഉണര്‍ത്താനും ഉച്ഛൃംഖലമായി പ്രയോഗത്തില്‍ വരുത്താനും അപഹാസവചസ്സുകളെ പോലെ ശക്തിമത്തായ മറ്റൊരു മാധ്യമം ഉണ്ടോ എന്നു സംശയമാണ്. സന്താനഗോപാലം, കിരാതം തുടങ്ങിയ പുരാണോപജീവികളായ സാഹിത്യസൃഷ്ടികളിലും രബീന്ദ്രനാഥടാഗൂറിന്റെ ചിത്രാംഗദയിലും അര്‍ജുനന്റെ ഈ മാനസികാവസ്ഥയെ മിഴിവേകി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അര്‍ജുനന്‍ മരിച്ചുവീണപ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞ ഭീമസേനനോട് യുധിഷ്ഠിരന്‍ പറഞ്ഞത്
'ഒറ്റപ്പകല്‍ക്കരികളെ-ച്ചുടാമെന്നോതിയര്‍ജുനന്‍
ചെയ്തീലതിശ്ശൂരമാനി-യതിനാല്‍ വീണതാണവന്‍;
അവമാനിച്ചു വില്ലാളി-കളെയൊട്ടുക്കു ഫല്‍ഗുനന്‍
അവ്വണ്ണമാണിതവ്വണ്ണം-ചെയ്യൊല്ലൈശ്വര്യമോര്‍പ്പവന്‍'
എന്നാണ്. അധൃഷ്യമായ തന്റെ ശക്തിയെക്കുറിച്ചുള്ള അചഞ്ചലമായ അഭിമാനം അര്‍ജുനനെ പലപ്പോഴും ആപന്മേഖലയെ സ്പര്‍ശിക്കുന്ന അഹങ്കാരത്തിന്റെ വക്കില്‍ കൊണ്ടുനിര്‍ത്തിയിട്ടുണ്ട്. ഗോഗ്രഹണം ചെയ്ത കൌരവന്മാരെ തോല്പിച്ചോടിക്കാന്‍ ബൃഹന്നളാനാമധാരിയായ അര്‍ജുനനെ സാരഥിയാക്കി പുറപ്പെട്ട വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
'അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍,
ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
സവ്യസാചി, ധനഞ്ജയന്‍.'
'ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ' എന്നതുകൊണ്ട് അര്‍ജുനന്‍; 'ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര'ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: 'ദുരാപനും ദുരാധര്‍ഷനു' മായതുകൊണ്ട് ജിഷ്ണു; 'ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം' ചേര്‍ത്തതുകൊണ്ട് കിരീടി; 'തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ'ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; 'യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം' ചെയ്യാത്തതുകൊണ്ട് ബീഭത്സു; 'ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍' വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, Aurjuna- mid-pallava.png 'ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-.
കൈരണ്ടും ദക്ഷിണങ്ങള്‍ മേ
അതിനാല്‍ സവ്യസാചി,'
'നാടൊക്കെയും ജയിച്ചിട്ടു
വിത്തം നേടീട്ടു കേവലം
ധനമധ്യത്തില്‍ നില്പോനാ' യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.) നോ: അജ്ഞാതവാസം; ഉര്‍വശീശാപം; ഉലൂപി; ഏകലവ്യന്‍; കിരാതം; കുന്തി; കൃഷ്ണാര്‍ജുനയുദ്ധം; ഖാണ്ഡവദാഹം; ചിത്രാംഗദ; ദ്രുപദന്‍; ദ്രോണര്‍; നരനാരായണന്മാര്‍; നിവാതകവചകാലകേയവധം; പാഞ്ചാലി; പാണ്ഡു; ഭഗവദ്ഗീത; സന്താനഗോപാലം; സുഭദ്ര.
No comments:
Post a Comment