26 June 2016

രാമേശ്വരം

*രാമേശ്വരം*

“സേതും രാമേശ്വരം ലിംഗം
ഗന്ധമാദനപര്‍വ്വതംചിന്തയന്‍ 
മനുജഃ സത്യം സര്‍വ്വപാപൈഃ പ്രമുച്യതേ”.

ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്‍വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്‍ത്തന്നെ സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇതു സത്യമാണ്‌. ആ സ്ഥിതിക്കു അവിടെച്ചെന്നു ദര്‍ശനം നടത്തിയാലുള്ള ഫലം പറയേണ്ടതില്ല.സുപ്രസിദ്ധവും അതീവ പുണ്യകരങ്ങളുമായ ചതുര്‍ധാമങ്ങളില്‍ മൂന്നാമത്തേതാണ്‌ രാമേശ്വരം. ഇവിടെ ജ്യോതിര്‍ലിംഗമാണുള്ളത്‌. ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന്‌ രാമേശ്വരം.ഏകദേശം പതിനാറു കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയുമുള്ള ഒരു ദ്വീപാണു രാമേശ്വരം.

ആദികാവ്യമായ രാമായണത്തില്‍ ആദികവി വാല്മീകി രാമേശ്വരത്തിന്റെ കഥ വിവരിച്ചിട്ടുണ്ട്‌. അതില്‍ ശ്രീരാമചന്ദ്രന്‍ വാനരസേനയുടെ സഹായത്തോടെ ദക്ഷിണസമുദ്രത്തില്‍ സേതു ബന്ധിച്ചതായി പറഞ്ഞിട്ടുണ്ട്‌. സേതുബന്ധനത്തിന്റെ പ്രാരംഭത്തില്‍ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ചു പൂജിച്ചതാണ്‌ ഇവിടത്തെ ശ്രീശങ്കരന്റെ ജ്യോതിര്‍ലിംഗം. ഇതു പരമപാവനവും കൈവല്യപ്രദവുമാണ്‌.
മറ്റൊരു കഥ കല്‍പാന്തരത്തിലേതാണ്‌. ലങ്കാവിജയത്തിനുശേഷം (ലങ്ക വൈശ്രവണന്റെ ആസ്ഥാനമായിരുന്നു. രാവണന്‍ ശക്തനായപ്പോള്‍ വൈശ്രവണനെ ഓടിച്ചിട്ട്‌ ജയിച്ചടക്കിയതാണ്‌.) ശ്രീ ശങ്കരഭക്തനായിരുന്ന രാവണനെ കൊന്നതിന്റെ പ്രായശ്ചിത്തമായി ശ്രീരാമചന്ദ്രന്‍ ഇവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ഹനുമാനെ കൈലാസത്തില്‍ നിന്നും ദിവ്യവിഗ്രഹം കൊണ്ടുവരാന്‍ അയച്ചു. ശ്രീശങ്കരദര്‍ശനം സിദ്ധിക്കാന്‍ ഹനുമാനു കുറച്ചുകാലം തപസ്സു ചെയ്യേണ്ടി വന്നു. ശിവലിംഗം കൊണ്ടുവരാന്‍ താസമിച്ചപ്പോള്‍ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം മണലുകൊണ്ടു സമുദ്രജലം ചേര്‍ത്തു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു.
ശ്രീഹനുമാന്‍ രണ്ടു ലിംഗവിഗ്രഹങ്ങളുംകൊണ്ടാണു വന്നത്‌. ഇവിടെ പ്രതിഷ്ഠ നടന്നിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം സങ്കടപ്പെട്ടു. ഇതു കണ്ടു ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലിംഗവിഗ്രഹം എടുത്തുമാറ്റിക്കൊള്ളാന്‍ അനുവദിച്ചു. ഹനുമാന്‍ സര്‍വ്വശക്തിയും പ്രയോഗിച്ചു. തന്റെ ബലമേറിയ വാല്‍ ചുറ്റി ശക്തിയായി വലിച്ചു. ഹനുമാന്‍ ദൂരെ തെറിച്ചുവീണതല്ലാതെ വിഗ്രഹം ഇളകിയില്ല. ഒടുവില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാന്‍ കൊണ്ടുവന്ന വിഗ്രഹങ്ങളിലൊന്ന്‌ ഹനുമദീശ്വരനെന്ന പേരില്‍ അല്‍പം അകലെയായി പ്രതിഷ്ഠിച്ചു. മറ്റൊന്ന്‌ രാമേശ്വരന്റെ സമീപം പ്രതിഷ്ഠിക്കാതെ വയ്ക്കുകയും ചെയയ്തു. ഹനുമദീശ്വരനെ ദര്‍ശിച്ചിട്ടുവേണം രാമേശ്വരനെ ദര്‍ശിക്കാനെന്നാണു വിധി.

തീര്‍ത്ഥയാത്രാക്രമം : തീര്‍ത്ഥാടകന്‍ ആദ്യമായി ഉപ്പൂരില്‍ പോയി ഗണേശനെ ദര്‍ശിക്കണം. രാമനാഥപുരത്തുനിന്ന്‌ ഇരുപതുകിലോമീറ്റര്‍ വടക്കുള്ള ഗ്രാമമാണ്‌ ഉപ്പൂര്‌. ഇവിടെ ശ്രീരാമന്‍ പ്രതിഷ്ഠിച്ച വിനായകനാണ്‌ വിരാജിക്കുന്നത്‌.

ദേവീപത്തനം : ഉപ്പുര്‍ദര്‍ശനത്തിനുശേഷം ദേവീപത്തനത്തില്‍ പോകണം. രാമനാഥപുരത്തുനിന്നു പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ ദേവീപത്തനത്തിന്‌. ശ്രീരാമന്‍ ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. സേതുബന്ധനം ഇവിടെനിന്നാണ്‌ ആരംഭിക്കുന്നത്‌. അതിനാല്‍ ഇതിന്‌ മൂലസേതു എന്നുകൂടി പേരുണ്ട്‌. ഇവിടെ വച്ച്‌ ദേവി മഹിഷാസുരനെ വധിച്ചു. ധര്‍മ്മന്‍ തപസ്സുചെയ്തു ശിവവാഹനപദം നേടിയത്‌ ഇവിടെ നിന്നാണ്‌. അദ്ദേഹം നിര്‍മ്മിച്ചതാണ്‌ ധര്‍മ്മപുഷ്കരിണി. ഗാലവമഹര്‍ഷിയുടെ തപോഭൂമികൂടിയാണ്‌ ഇവിടം.

സമുദ്രതീരത്ത്‌ ധര്‍മ്മപുഷ്കരിണി കാണാം. സമുദ്രം ക്ഷോഭിച്ചിരിക്കും. അതില്‍ ഒന്‍പതു ചെറിയ കല്‍ത്തൂണുകളുണ്ട്‌. അവ നഗരങ്ങളുടെ പ്രതീകമാണ്‌. സരോവരത്തില്‍ സ്നാനം ചെയ്തിട്ട്‌ സമുദ്രത്തില്‍ ഇവയെ പ്രദക്ഷിണം ചെയ്യണം. ഇവിടെ കുറച്ചകലെ മഹിഷി മര്‍ദ്ദിനിദേവിയുടെ ക്ഷേത്രമുണ്ട്‌. ബസാറില്‍ ശിവക്ഷേത്രവുമുണ്ട്‌.

ദര്‍ഭശയനം : ദേവീപത്തനത്തിനു പിന്നില്‍ ദര്‍ഭശയനം കാണാം. അവിടെ ചെന്ന്‌ സമുദ്രസ്നാനവും ക്ഷേത്രദര്‍ശനവും നടത്തണം. ഈ സ്ഥാനം രാമനാഥപുരത്തുനിന്നു പത്തുകിലോമീറ്റര്‍ ദൂരെയാണ്‌. സമുദ്രം ഇപ്പോള്‍ നാലു കിലോമീറ്റര്‍ മുന്നോട്ടുമാറിയാണ്‌. ക്ഷേത്രത്തിനു സമീപം ധര്‍മ്മശാലയുണ്ട്‌. ക്ഷേത്രത്തില്‍ ദര്‍ഭമേല്‍ ശയിക്കുന്ന ശ്രീരാമവിഗ്രഹം കാണാം.

ഇതുവളരെ വലുതാണ്‌. ക്ഷേത്രപ്രദക്ഷിണത്തില്‍ വേറെയും കുറച്ചു വിഗ്രഹങ്ങള്‍ കാണാം. സമുദ്രതീരത്ത്‌ ഹനുമാന്റെ ക്ഷേത്രമുണ്ട്‌.
രാമനാഥപുരത്തു നിന്നു തീര്‍ത്ഥാടകര്‍ പാമ്പനില്‍ പോയി ഭൈരവതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. അനന്തരം ധനുഷ്കോടിക്കു പോവാനാണു വിധി. എന്നാല്‍ ധനുഷ്കോടി തീര്‍ത്ഥത്തിലെ ക്ഷേത്രം കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ടുപോയി. അങ്ങോട്ടു പോവാനുള്ള വഴി ഇപ്പോഴുമുണ്ട്‌. അവിടെ സമുദ്രത്തില്‍ മുപ്പത്താറു പ്രാവശ്യം സ്നാനം ചെയ്ത്‌ മണല്‍കൊണ്ടു പിണ്ഡം വച്ചിട്ടു രാമേശ്വരത്തു പോവണം.
ദ്രൗപതിതീര്‍ത്ഥത്തില്‍ ദ്രൗപതിയുടെ മൂര്‍ത്തി കാണാം. 
അടുത്തുതന്നെ പൂന്തോട്ടത്തില്‍ കാളീക്ഷേത്രം നില്‍ക്കുന്നു. ഇതിനടുത്താണ്‌ ഹനുമാന്‍ തീര്‍ത്ഥം.

അടുത്തുള്ള തീര്‍ത്ഥങ്ങള്‍ :

സാക്ഷിവിനായകന്‍ : പാമ്പനിലേക്കുള്ള വഴിയില്‍ മൂന്നു കിലോമീറ്റര്‍ അകലെയാണിത്‌. ഇവിടെ ശ്രീരാമന്‍ ജടകള്‍ കഴുകിയതായി പറയുന്നു.സീതാകുണ്ഡം : രാമേശ്വരത്തുനിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയാണിത്‌. ഇവിടെ ലക്ഷ്മീവിഗ്രഹം സംസാരിച്ചുകൊണ്ടിരിക്കും പോലെ തോന്നും.രാമേശ്വരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ നവനാമമെന്ന അമ്മന്‍ദേവിയുടെ ക്ഷേത്രമുണ്ട്‌.

കോദണ്ഡരാമസ്വാമി : രാമേശ്വരത്തുനിന്ന്‌ എട്ടുകിലോമീറ്റര്‍ വടക്ക്‌ സമുദ്രതീരത്ത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണല്‍പരപ്പില്‍ നടന്നു പോവാനേ വഴിയുള്ളു. ഇവിടെവച്ച്‌ ശ്രീരാമചന്ദ്രന്‍ വിഭീഷണനെ തിലകമണിയിച്ചു സ്വീകരിച്ചു.

വില്ലൂരണി (പാണീതീര്‍ത്ഥം) : തങ്കച്ചിമഠം സ്റ്റേഷനു കിഴക്ക്‌ ഏകദേശം നാലുകിലോമീറ്റര്‍ അകലെ സമുദ്രജലത്തിനു നടുവില്‍ മധുരജലമുള്ള അരുവിയാണ്‌ ഈ തീര്‍ത്ഥം. സമുദ്രത്തില്‍ അരയറ്റം വെള്ളത്തില്‍ നടന്ന്‌ അവിടെ എത്താം. ഉദ്ദേശം നൂറ്റമ്പതു അടി നടന്നാല്‍ മതി. സമുദ്രത്തില്‍ വേലിയിറക്കമുള്ളപ്പോഴേ ഈ തീര്‍ത്ഥത്തിലെത്താന്‍ കഴിയൂ. സീതാദേവിക്കു ദാഹമുണ്ടായപ്പോള്‍ ശ്രീരാമചന്ദ്രന്‍ വില്ലിന്റെ മുന കൊണ്ടു ഭൂമിയില്‍ കുത്തി അവിടെ നിന്നുണ്ടായതാണ്‌ ഈ മധുരജലം

No comments:

Post a Comment