17 June 2016

വേദവും ദർശനങ്ങളും

*വേദവും ദർശനങ്ങളും*

വേദപഠനം സമഗ്രമാകണമെങ്കിൽ സാംഗോപാംഗം പഠനം നടത്തണം എന്നാണു  പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം. ശിക്ഷ, കല്പം, തുടങ്ങിയ ആറ് ഉപാംഗങ്ങൾ കൂടി വേദങ്ങൾക്കുണ്ട്. അവയാണ് ഷഡ്ദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ.

1.സാംഖ്യം
2.വൈശേഷികം
3.യോഗം
4.ന്യായം
5.മീമാംസ
6.വേദാന്തം
എന്നിവയാണ് ഈ ആറ് ദർശനങ്ങൾ. യഥാർത്ഥത്തിൽ ഈ ആറ് ദർശനങ്ങളിലും എന്തെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. പല അക്കാദമിക് പണ്ഡിതരും ഇവ പരസ്പര വിരോധികളാണെന്ന് പോലും കരുതുന്നു. അതിലുപരി ഇവയിൽ ചിലതെങ്കിലും നിരീശ്വരവാദ പൂർണമാണെന്ന വാദവും ഇത്തരക്കാർ ഉന്നയിക്കാറുണ്ട്. എന്തിനാണ് ആറ് ശാസ്ത്രങ്ങൾ നാം പഠിക്കുന്നത്? ഇത് പഠിച്ചാലെന്ത് പ്രയോജനമാണുള്ളത്? കുറേ സൂത്രങ്ങൾ കാണാതെ പഠിച്ചാൽ പണ്ഡിതനാകുമോ? പാണ്ഡിത്യത്തിനുള്ള വേദിയല്ല ആറ് ശാസ്ത്രങ്ങൾ. മറിച്ച് ആത്യന്തികമായ കൈവല്യപ്രാപ്തിക്കുള്ള (മോക്ഷത്തിനുള്ള) ഉപായമാണ്. ആറ്  ദർശനങ്ങളും കാണാതെ പഠിച്ച്, വ്യാകരണ ശാസ്ത്രവും ഉരുവിട്ട് നടക്കുകയും എന്നാൽ ആത്മഭാവമോ സഹജപ്രേമമോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇതൊന്നും കൊണ്ട് ഈ ഭൂമിയിൽ ഒരു നേട്ടവും കൈവരിക്കുന്നില്ല. സാധകനെ അഥവാ ഉപാസകനെ നിർമ്മിക്കുന്ന അസാധാരണ വാങ്മയമാണ് ഷഡ്ദർശനങ്ങൾ എന്നറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ. ദർശനങ്ങളിൽ പ്രതിപാദിക്കുന്ന സൃഷ്ടിവിദ്യയെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. അപ്പോൾ നാം ആലോചിക്കും എന്തിനാണ് ഈ സൃഷ്ടിവിദ്യയൊക്കെ അറിഞ്ഞിട്ടെന്ന്. സൃഷ്ടിവിദ്യ അറിഞ്ഞാൽ നമ്മുടെ ഉല്പത്തിയുടെ രൂപപരിണാമങ്ങൾ നമുക്ക് മനസ്സിലാകും. അതിന്റെ ഒരു ഭാഗമായ നാം എങ്ങനെ ഉണ്ടായെന്നും നാം ഓരോരുത്തരും എന്താണെന്നും മനസ്സിലാക്കാൻ കഴിയും. സൃഷ്ടി ഉണ്ടായതിന്റെ വിഭിന്നങ്ങളായ ആറ് അവയവങ്ങളെക്കുറിച്ച് നമുക്ക് ആറ് ശാസ്ത്രങ്ങളിൽ വായിക്കാം. 

ഒരു കുടം ഉണ്ടാക്കുന്നതിൽ കർമ്മം, കാലം, മണ്ണ്, വിചാരം, സംയോഗം, വിയോഗം തുടങ്ങിയ പ്രയത്നങ്ങൾ അഥവാ പുരുഷാർത്ഥങ്ങൾ, പ്രകൃതിയുടെ ഗുണങ്ങൾ, കുശവൻ, എന്നിവയെല്ലാം കാരണങ്ങളായി കടന്നു വരുന്നുണ്ട്. ഇതേപോലെ ഇക്കാണുന്ന സൃഷ്ടിയുടെ കാരണമായ കർമ്മത്തിന്റെ വ്യാഖ്യാനമാണ് മീമാംസയിൽ നാം കാണുന്നത്. കാലത്തിന്റെ വ്യാഖ്യാനം വൈശേഷികത്തിലും ഉപാദാന കാരണത്തിന്റെ വ്യാഖ്യാനം ന്യായത്തിലും പുരുഷാർത്ഥത്തിന്റെ വ്യാഖ്യാനം യോഗത്തിലും തത്ത്വങ്ങളുടെ ക്രമാനുഗതമായ പരിഗണനയുടെ വ്യാഖ്യാനം സാംഖ്യത്തിലും നിമിത്ത കാരണമായ ബ്രഹ്മത്തിന്റെ വ്യാഖ്യാനം വേദാന്ത ദർശനത്തിലും നമുക്ക് കാണാം. ഇവ പരസ്പര വിരുദ്ധമായ ആശയങ്ങളാണെന്ന് ഒരാൾക്ക് തോന്നുന്നുണ്ടെങ്കിൽ അയാൾക്ക് ദർശനങ്ങൾ മനസ്സിലാക്കാൻ പാകത്തിലുള്ള ബുദ്ധിയില്ലെന്നു വേണം മനസ്സിലാക്കാൻ.

വൈദ്യശാസ്ത്രത്തിൽ കടന്നുവരുന്ന നിദാനം, ചികിത്സ, ഔഷധ പ്രയോഗം, പഥ്യം തുടങ്ങിയ വിവിധ പ്രകരണങ്ങളുള്ളതുപോലെയാണിതെന്ന് മഹർഷി ദയാനന്ദ സരസ്വതി പറയുന്നുണ്ട്. കാരണം ഇവയുടെ എല്ലാം ലക്ഷ്യം രോഗനിവാരണം മാത്രമാണ്. സൃഷ്ടിയുടെ ആറ് കാരണങ്ങൾ ഓരോന്നായി ഇതേ പോലെ ശാസ്ത്രകാരന്മാർ വ്യാഖ്യാനിച്ചിരിക്കുകയാണ്  ഷഡ്ദർശനങ്ങളിൽ. വിവിധ ദുഃഖങ്ങളാൽ വിഷമിക്കുന്ന മനുഷ്യർക്ക് രാഗ, ദ്വേഷ അവിദ്യയിൽ നിന്ന് മോചനം ലഭിക്കാനും  അതുവഴി മോക്ഷം കൈവരിക്കാനുമുള്ള മാർഗങ്ങളാണ് ഈ ദർശനങ്ങളുടെ അടിസ്ഥാനം.  ആശാവാദം (optimism) ആണ് ഇതിന്റെ അടിസ്ഥാനം. എന്നും ദുഃഖം മാത്രമേ ഉണ്ടാകൂവെന്ന വിചാരം ആവശ്യമില്ല. ഈ ലോകത്തിലെ പലതും നമ്മെ ദുഃഖത്തിലേക്ക് നയിക്കുന്നതാണ്. ഈ ദുഃഖത്തിന്റെ കാരണമെന്താണ്? കാണുന്നയാളും ദൃശ്യത്തിന്റെ സംയോഗവുമാണ് യഥാർത്ഥത്തിൽ ഈ ദുഃഖത്തിനു കാരണം. അങ്ങനെയുണ്ടാകുന്ന ദുഃഖങ്ങൾ ഇല്ലാതായി സന്തോഷം ഉണ്ടാകുന്നതിനുള്ള ഉപായങ്ങളാണ് ഷഡ്ദർശനങ്ങളിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ ആറ് ശാസ്ത്രങ്ങൾ നമ്മുടെ വർത്തമാന ദശയിലെ അസന്തോഷങ്ങളെ കാണിച്ച് അവയെ മാറ്റി സന്തോഷമാര്‍ഗം കണ്ടെത്താൻ സഹായിക്കുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് മറ്റൊരു പ്രധാനകാര്യം. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് 'അപൂർവ്വ' എന്ന സ്ഥിതി ഉണ്ടാകുന്നു. ഫലോല്പത്തിയ്ക്ക് മുഖ്യ കാരണം ഈ അപൂർവ്വതയാണ്. ഈ സ്ഥിതിയെ 'അദൃഷ്ടം' എന്നാണ് പെരിട്ടിട്ടുള്ളത്. മറ്റൊന്ന് കർമ്മസിദ്ധാന്തമാണ്‌. നാം ചെയ്യുന്ന കർമ്മങ്ങൾക്ക് ഒരിക്കലും നാശമില്ല. 

പൂർവ്വ ജന്മ കർമ്മത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. മനുഷ്യൻ പാപം ചെയ്യുന്നതിൽ നിന്ന് മുക്തനാകാൻ കർമ്മ സിദ്ധാന്തം സഹായിക്കും. ഏറ്റവും ഒടുവിൽ  മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴിയാണ്. ഈ ലോകത്തിൽ നാം ബന്ധനങ്ങളിൽപ്പെടുന്നതിനു കാരണം അവിദ്യയാണ്. അവിദ്യ എന്നാൽ അജ്ഞാനം. അപ്പോൾ ഈ ബന്ധനത്തിൽ നിന്ന് മുക്തി നേടാൻ നാം ജ്ഞാനം നേടണം. അജ്ഞത ഇരുട്ടാണ്‌. ഇരുട്ടില്ലാതാക്കാൻ ഇരുട്ടിന്മേൽ ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് പ്രകാശത്തിന്റെ കാര്യത്തിൽ മാത്രമാണ്. ജ്ഞാനം അഥവാ പ്രകാശം കൊണ്ടുവരുന്നതോടെ  അജ്ഞാനമെന്ന ഇരുട്ട് ഇല്ലാതാകുന്നു. വിദ്യയാൽ മുക്തി കൈവരികയും ചെയ്യും. ഈ ജീവനത്തിന് രണ്ട് ഉപായങ്ങളുണ്ട്. ഒന്ന് പ്രേയമാർഗ്ഗം മറ്റേത് ശ്രേയമാർഗ്ഗം. മനുഷ്യൻ കൂടുതലായി രമണീയ വിഷയങ്ങളിൽ അഭിരമിക്കുന്നതിനു മൂലകാരണം രാഗദ്വേഷങ്ങളാണ്. ഇത് പ്രേയമാർഗ്ഗമാണെന്ന് പറയാം. ഇത് മനുഷ്യന്റെ അധോഗതിയ്ക്ക് കാരണമായിത്തീരുന്നു. മനുഷ്യന് നന്മകൾ നൽകുന്നതാണ് ശ്രേയമാർഗ്ഗം. മംഗളമായ വഴിയിലേക്ക് കടന്നു ചെല്ലാൻ ദാർശനികന്മാർ ഉപദേശിക്കുന്നുണ്ട്. അതിനുള്ള വഴി യമനിയമങ്ങളടങ്ങിയ അഷ്ടാംഗയോഗത്തെ അനുഷ്ഠിക്കലാണെന്ന് ദർശനങ്ങളുടെ പ്രയോക്താക്കളായ ഋഷിമാർ പറയുന്നു. ദുഃഖം ഇല്ലാതാക്കുക, മൂന്ന് വിധ താപങ്ങളിൽ നിന്ന് മുക്തി നേടുക, ബ്രഹ്മാനുഭൂതിയ്ക്കായി പ്രയത്നം ചെയ്യുക, പുരുഷാർത്ഥം കൈവരിക്കുക എന്നിവയാണ് ദർശനങ്ങളുടെ പരിധിയിൽ വരുന്ന ചർച്ചകൾ. 

No comments:

Post a Comment