വാവുബലിയുടെ പ്രാധാന്യമെന്ത്?
കര്‍ക്കിടകമാസവും വാവുബലിയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ഇത് മനസ്സിലാക്കുവാന്‍ പുരാണ സംബന്ധമായ പ്രപഞ്ചവിന്യാസം അറിഞ്ഞിരിക്കണം. പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലുലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും, ഭൂമിയ്ക്ക് നേര്‍മുകളില്‍ ഭുവര്‍ലോകവും, അതിനുമുകളില്‍ സ്വര്‍ഗ്ഗലോകവും എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും.
പഞ്ചഭൂതങ്ങളില്‍ ഭൂമി ഏറ്റവും സ്ഥൂലമാണ്. ഇവിടെ സ്ഥൂലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക്, പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടുത്തേണ്ടി വരുന്നു.
എന്നാല്‍, ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണന്‍ മാത്രമായി സ്ഥൂലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിയ്ക്ക് മുകളിലുള്ള ലോകമാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിയ്ക്ക് മുകളില്‍ സങ്കല്പിക്കപ്പെടുന്ന ജലതത്ത്വമാകുന്നു. പ്രാണനും ജലതത്ത്വം തന്നെ. അതിനാല്‍ പിതൃക്കള്‍ക്ക് ജലത്തിലൂടയേ ഭക്ഷണം കഴിക്കാനാകു എന്ന് വ്യക്തം. അതിനാലാണ് കര്‍ക്കിടക നാളില്‍ കറുത്ത വാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറുള്ളത്.
ദക്ഷിണായനം പിതൃക്കള്‍ക്കും. ഉത്തരായനം ദേവന്മാര്‍ക്കുമുള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ 6 മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തിലേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്‍റെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ചുകൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു.
(മകരമാസം മുതല്‍ മിഥുനമാസം വരെ ഉത്തരായനകാലവും, കര്‍ക്കിടകമാസം മുതല്‍ ധനുമാസംവരെ ദക്ഷിണായനകാലവുമാണ്)
No comments:
Post a Comment