5 June 2016

ഗുരുശിഷ്യന്‍ ലക്ഷണങ്ങള്‍ എന്തൊകെ?

ഗുരുശിഷ്യന്‍ ലക്ഷണങ്ങള്‍ എന്തൊകെ?


മന്ത്രം ഉപദേശിച്ചതുകൊണ്ടുമാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രിയവിജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്‍റെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ കഴിവുള്ളവനും ശിഷ്യനില്‍ വാത്സല്യമുള്ളവനും ശാന്തചിത്തനും വൈദികക്രിയകളില്‍ സമര്‍ത്ഥനും മന്ത്രസിദ്ധി നേടിയവനും നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനും അരോഗിയും സ്വസ്ഥാനത്തുതന്നെ വസിക്കുന്നവനുമായിരിക്കണം ഗുരു.  

അതുപോലെ ശിഷ്യനും ചില ഗുണങ്ങള്‍ വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഗുരുഭക്തി തന്നെ അതില്‍ ഏറ്റവും മുഖ്യം. ഗുരു ഈശ്വരന്‍ തന്നെയാണെന്നും ഗുരുവിന്‍റെ ഉപദേശം വേദവാക്യം പോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും ഉള്ള പൂര്‍ണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളില്‍ ഭക്തി ആദിയായവയും ശിഷ്യനില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.

ദീക്ഷാദാനങ്ങളും വിവിധ തരത്തിലുണ്ട്. മന്ത്രീദീക്ഷ, ശാക്തീദീക്ഷ, ശാംഭവീദീക്ഷ എന്നിങ്ങനെ ദീക്ഷ മൂന്നു പ്രകാരമാണ്. 

ഇതില്‍ മന്ത്രീദീക്ഷയില്‍ ഗുരു വിധിപ്രകാരം ശിഷ്യന് മന്ത്രം ഉപദേശിക്കുന്നു. അപ്പോള്‍ തന്‍റെ താപഃശക്തിയുടെ ഒരംശവും ഗുരു ശിഷ്യന് പകര്‍ന്നു നല്‍കുന്നുണ്ട്. തുടര്‍ന്ന് ഏകാഗ്രമായ ജപസാധനകളിലൂടെ ആ തപഃശക്തിയെ ശിഷ്യന്‍ പരിപുഷ്ടമാക്കണം. 

ശാക്തീദീക്ഷയില്‍ ഗുരു കാരുണ്യപൂര്‍വ്വം തന്‍റെ തപശക്തി മുഴുവന്‍ ശിഷ്യന് നല്‍കുന്നു. അതിനാല്‍ ശിഷ്യന് പ്രയത്നങ്ങളോന്നുമില്ലാതെ തന്നെ മന്ത്രം സിദ്ധമാവുന്നു. 

ശാംഭവദീക്ഷയില്‍ ഗുരു തന്‍റെ സകല ശക്തികളും സിദ്ധികളും പൂര്‍ണ്ണമായും ശിഷ്യന് നല്‍കുന്നു. പിന്നീട്, ശിഷ്യന് യാതൊരു സാധനാനുഷ്ഠാനങ്ങളും  ആവശ്യമില്ല. ഇവിടെ അന്ന് മുതല്‍ ശിഷ്യന്‍ ചെയ്യുന്ന പുണ്യപാപങ്ങളുടെയെല്ലാം ഫലം കൂടി എത്തിച്ചേരുന്നത് ഗുരുവിലാണ്. അത്രമേല്‍ അര്‍ഹതയും ഗുരുകാരുണ്യവുമുള്ളവര്‍ക്കേ ശാംഭവദീക്ഷ ലഭിക്കുകയുള്ളൂ.

No comments:

Post a Comment