20 June 2016

യജ്ഞസങ്കല്പം

യജ്ഞസങ്കല്പം - ഒരു ചെറിയ ചിന്ത

വ്യക്തിയുടെ സങ്കല്പമാണ്‌ കര്‍മ്മങ്ങളായി പൊട്ടിവിടരുന്നത്‍.  സ്നേഹത്തോടും വാത്സല്യത്തോടും കൂടിയ സങ്കല്പങ്ങള്‍ ഉടലെടുക്കണം. ഒരിയ്ക്കലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ക്രോധത്തിന്റെയോ കൂടെ മനസ്സിനെ നിര്‍ത്തരുത്‌.  വെറുപ്പും വിദ്വേഷവും വരുമ്പോള്‍ത്തന്നെ അതിനെ ഇല്ലാതാക്കണം. ഉടന്‍ അവനവനോടുതന്നെ, സ്വന്തം മനസ്സിനോടുതന്നെ പറയണം, ഹേ മനസ്സേ എന്തിനാ ഇത്ര ദേഷ്യം വെയ്ക്കുന്നത്‍, എന്തിനാ അയാളോട്‍ എനിയ്ക്ക്‍ വെറുപ്പ്‌, എന്തിനാ അസൂയ, ഇത്യാദികളൊക്കെ. നമ്മുടെ സങ്കല്‍പ്പങ്ങള്‍ വാക്കുകളായും വാക്കുകള്‍ കര്‍മ്മങ്ങളായും പരിണമിയ്ക്കുന്നു. ആ കര്‍മ്മങ്ങളുടെ പരിണതിയാണ്‌ നമ്മുടെ സുഖങ്ങളും ദു:ഖങ്ങളും, നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും. അതില്‍ മറ്റൊരു ശക്തിയ്ക്കും യാതൊരു പങ്കുമില്ല. ഈശ്വരശക്തിയ്ക്കുകൂടി അതില്‍ യാതൊരു പങ്കുമില്ല. ഫലപ്രാപ്തിവരുമ്പോള്‍ അത്‍ ദു:ഖപൂരിതമാണെങ്കില്‍ ഈശ്വരനെ കുറ്റം പറയുന്നു എന്നുമാത്രം. ആ കുറ്റം പറച്ചിലിലും  കേള്‍ക്കുന്നവന്‍ പരിഭവിയ്ക്കേണ്ടതില്ല.  ആ ചെയ്തികളെല്ലാം, അതിന്റെ സ്മരണികകളെല്ലാം എന്നില്‍ത്തന്നെ രൂപപ്പെട്ടതാണ്‌, അതിനെ നട്ടുണ്ടാക്കി ക്രോധത്തിന്റെയോ വിദ്വേഷത്തിന്റെയോ ഭാവനകളാല്‍ സേചനംചെയ്ത്‍ വളര്‍ത്തിവലുതാക്കി ഫലഭൂയിഷ്ടമാക്കുന്നു. ആ ഫലങ്ങള്‍ പാകമാകുന്നതോടെ അതിന്റെ ഉപഭോഗം ഒരാള്‍ ചെയ്യുന്നു. അതിന്റെ പരിണതി മോശമാണെന്ന്‍ പറഞ്ഞ്‍ അതിനെ  സ്വീകരിയ്ക്കാതിരിയ്ക്കാന്‍ സാധ്യമല്ല. നല്ലത്‍ കുഴിച്ചിട്ടാലല്ലേ നല്ലത്‍ മുളയ്ക്കൂ. അതുകൊണ്ട്‍ എന്തായാലും സ്വീകരിച്ചേ പറ്റു. വൈദികഗ്രന്ഥങ്ങളില്‍ യജ്ഞമെന്ന പ്രയോഗം എല്ലായിടത്തും കാണാം. ഒരു തടം/കുഴി ഉണ്ടാക്കി അതില്‍ കുറെ ചമതയും നാളികേരവും നെയ്യും തേനും അവിലും ശര്‍ക്കരയും ഒക്കെ ഇട്ട്‍ കത്തിച്ചുകളയുന്നതിനെയല്ല യജ്ഞമെന്ന്‍ പറയുന്നത്‍. ഭാരതീയ ഋഷീശ്വരന്മാര്‍ അത്രയ്ക്ക്‍ മന്ദബുദ്ധികളായിരുന്നുവോ ഇത്തരത്തിലൊരു കര്‍മ്മം എല്ലാവരും ചെയ്യണമെന്ന്‍ പറയാന്‍. ആവാന്‍ തരമില്ല. അവരുടെ വാക്കുകള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക്‍ പറ്റുന്നില്ല. സ്വാത്മാവില്‍ രമിച്ചിരുന്ന ഋഷീശ്വരന്മാര്‍ അത്യന്തം സാങ്കേതികത്വം നിറഞ്ഞ ഭാഷയാണ്‌ ഉപയോഗിച്ചത്‍. വൈദികതഥ്യകളെല്ലാം, വൈദിക ശബ്ദങ്ങളെല്ലാം പരോക്ഷാര്‍ത്ഥപ്രയോഗങ്ങളാണ്‌, പ്രത്യക്ഷാര്‍ത്ഥപ്രയോഗങ്ങളല്ല.ഋഗ്‍വേദത്തിന്റെ ആദ്യമന്ത്രം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമ്ര്‌ത്യുജം ഹോതാരം യജ്ഞധാതമമ്‌ എന്ന്‍ തുടങ്ങുന്ന മന്ത്രത്തില്‍ മൂന്നാമത്തെ ശബ്ദമായി യജ്ഞ സംജ്ഞ വരുന്നു. ഇതേ മന്ത്രത്തില്‍ വീണ്ടും ആറാമത്തെ ശബ്ദവും യജ്ഞം എന്നുതന്നെ. എല്ലാ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ യജ്ഞശബ്ദം ലക്ഷക്കണക്കിന്‌ തവണ പ്രയോഗിച്ചതായി കാണാം. ഒരു പക്ഷേ ഇത്രയധികം തവണ ഉപയോഗിച്ച മറ്റൊരു ശബ്ദം ഉണ്ടോ എന്നുതന്നെ സംശയമാണ്‌. യജ്ഞമെന്ന തത്ത്വത്തിന്റെ പ്രാമുഖ്യമാണ്‌ അത്‍ കാണിയ്ക്കുന്നത്‍.  പലയിടത്തും കര്‍മ്മം, ധര്‍മ്മം ഇത്യാദി ശബ്ദങ്ങളെക്കൊണ്ടും യജ്ഞമെന്ന ശബ്ദത്തെ ദ്യോതിപ്പിയ്ക്കുന്നതായും കാണാം.വേദവാണികള്‍ അപൗരുഷേയമാണ്‌. അവ ഒരു വ്യക്തിയുടെ വാക്കുകളല്ല. അത്‍ ബ്രഹ്മവാണിയാണ്‌. ഭഗവത്‍ ഗീതയില്‍ യജ്ഞത്തെകുറിച്ച്‍ വളരെ വിശദമായിത്തന്നെ പറയുന്നുണ്ട്‍. സഹയജ്ഞാ പ്രജാ സ്ര്‌ഷ്ട്വാ പുരോവാച പ്രജാപതിഅനേന പ്രസവിഷ്യദ്വമേഷ വോഽസ്തിഷ്ടകാമധുക്‌പ്രജാപതി പ്രജകളോടുകൂടിത്തന്നെ യജ്ഞങ്ങളെയും സ്ര്‌ഷ്ടിച്ചു എന്നാണ്‌ പറയുന്നത്‍.  അത്‍ ഇഷ്ടഫലപ്രദമാണെന്നും അതുകൊണ്ട്‍ അഭിവ്ര്‌ദ്ധി പ്രാപിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു ആ യജ്ഞംകൊണ്ട്‍ ദേവതയെ പ്രീതിപ്പെടുത്തുക, പരസ്പരം സന്തോഷിപ്പിക്കുക എന്ന്‍ പറയുന്നു. യജ്ഞം കൊണ്ടാണ്‌ ജഗത്തിന്റെ നിലനില്പ്‌ എന്നും അതാണ്‌ സകല ജീവജാലങ്ങളുടെയും സുഖത്തിന്‌ കാരണം എന്ന്‍ പറയുന്നു. ദേവതയെ പ്രീതിപ്പെടുത്തുക എന്ന്‍ പറയുമ്പോള്‍ പഞ്ചഭൂതങ്ങളുടെ ദേവതകള്‍ എന്ന്‍ മനസ്സിലാക്കാം. വ്യക്തിയുടെ ശരീരവും പഞ്ചഭൂതാത്മകമായതുകൊണ്ട്‍ ശരീരത്തിലും ആ ദേവതകളുടെ സന്നിധിയുണ്ട്‍. ജീവാത്മാവിന്റെ ഇന്ദ്രിയാധിഷ്ഠിത ദേവതകളെ പ്രീതിപ്പെടുത്തുന്ന കര്‍മ്മമാണ്‌ യജ്ഞം എന്ന്‍ വരുന്നു. ദേവന്മാര്‍ പരബ്രഹ്മത്തെ സങ്കല്പിച്ചുകൊണ്ട്‍ യജ്ഞങ്ങള്‍ ചെയ്യുന്നു.  എവിടെ ഒരു യജ്ഞകര്‍മ്മം നടക്കുന്നുവോ ആ യജ്ഞം പ്രജാപതിയുടെ വിശ്വവ്യാപകമായ ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ്‌ -  തതോ വിശ്വങ്‍വ്യക്രാമത്‍ സാശനാനശനേനഭി (ഋ.വേ).  സാശനാനശനേനഭി = ഭോജനാദി വ്യാപാരമുള്ള ചേതനത്തേയും അതില്ലാത്ത അചേതനത്തേയും, വിഷ്വങ്‍ = നാലുഭാഗത്തും (എല്ലായിടത്തും), വ്യക്രാമത്‍ = വ്യാപിക്കുന്നു.വ്യക്തിയുടെ അഭീഷ്ടങ്ങളുടെ അഭിവ്ര്‌ദ്ധിയ്ക്കായി പൂര്‍ണ്ണമനസ്സോടെ ദ്രവ്യങ്ങള്‍ ഹവിസ്സായി അര്‍പ്പിക്കുമ്പോള്‍ ഇന്ദ്രിയാധിഷ്ഠിത ദേവതകള്‍ സക്രിയമാകുന്നു, സ്വന്തം ഇന്ദ്രിയങ്ങള്‍ സുസജ്ജവും സക്രിയവുമാകുമ്പോഴാണ്‌ വ്യക്തി സന്തോഷവാനാവുന്നത്‍. ഒരു സ്ഥലത്തിരുന്ന്‍ രണ്ടോ നാലോ പേര്‍ ചേര്‍ന്ന്‍ ഒരു യജ്ഞം ചെയ്താല്‍,  അത്‍ എങ്ങിനെ മറ്റുള്ളവര്‍ക്ക്‍ പ്രയോജനപ്രദമാകുന്നു. അതെങ്ങിനെ ഇതര ജീവജാലങ്ങള്‍ക്ക്‍ പ്രയോജനപ്പെടുന്നു.ഏതെങ്കിലും ഒരു സ്ഥലത്തിരുന്ന്‍ യജ്ഞം ചെയ്യുന്നു എന്ന്‍ സങ്കല്പിയ്ക്കുക. ആ യജ്ഞകുണ്ഡത്തില്‍ ഹവിസ്സ്‍ അര്‍പ്പിയ്ക്കുമ്പോള്‍, അതിലേയ്ക്ക്‍ ചമത നെയ്യ്‌ നാളികേരം തേന്‍  ശര്‍ക്കര തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ മന്ത്രോച്ഛാരണത്തോടെ  അഗ്നിയിലേയ്ക്കാണ്‌ അര്‍പ്പിയ്ക്കുന്നത്‍.  ആ അഗ്നിയില്‍ അത്‍ കത്തിത്തീരുന്നു. അങ്ങിനെ കത്തുമ്പോള്‍ അതില്‍ അര്‍പ്പിയ്ക്കുന്ന ഓരോ ദ്രവ്യത്തിനും ഔഷധവീര്യമുള്ളതുകൊണ്ട്‍ അണുനാശക ശക്തിയുള്ളതുകൊണ്ട്‍, അതില്‍നിന്നുത്ഭൂതമാകുന്ന പുകയ്ക്കും അണുനാശനശക്തി ഉണ്ടാകുന്നു. അതിന്റെ പുക യജ്ഞകുണ്ഡത്തിന്‌ ചുറ്റും നിറയുന്നു, അതിനടുത്തുള്ള സ്ഥലത്തൊക്കെ നിറയുന്നു, അവിടെയുള്ള അണുക്കളെ നശിപ്പിച്ച്‍ ശുദ്ധീകരിക്കുന്നു. യജ്ഞത്തിലെ പുക മേലോട്ട്‍ ഉയര്‍ന്നുപോകുന്നു. അന്തരീക്ഷത്തിലെ അണുക്കളെ അത്‍ നശിപ്പിയ്ക്കുന്നു. ആ പുക അന്തരീക്ഷത്തിലെ മേഘത്തില്‍ ലയിക്കുന്നു, അല്ലെങ്കില്‍ അത്‍ മേഘമായി മാറുന്നു. ആ മേഘം എത്രയോ ദൂരം സഞ്ചരിയ്ക്കുന്നു. സഞ്ചരിയ്ക്കുന്നിടത്തെ അണുക്കളെയും നശിപ്പിയ്ക്കുന്നു.. എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച്‍ ആ മേഘം ഘനീഭവിച്ച്‍ മഴയായി ഭൂമിയിലേയ്ക്ക്‍ വീഴുന്നു. പര്‍വ്വതമുകളിലും കുന്നിന്‍മുകളിലും കിണറ്റിലും അങ്ങിനെ എല്ലായിടത്തും ജലം വര്‍ഷിയ്ക്കുന്നു. അതിലെ സൂക്ഷ്മമായ അണുനാശക ശക്തിയാല്‍ അണുക്കള്‍ നശിക്കുന്നതിനുപുറമെ ആ ഗുണമുള്ള ജലം ചെടികള്‍ക്കും മരങ്ങള്‍ക്കും മ്ര്‌ഗങ്ങള്‍ക്കും മനുഷ്യനും ഔഷധവിര്യമുളളതായി തീരുന്നു. സസ്യലതാദികളില്‍ ഔഷധവീര്യം വര്‍ദ്ധിയ്ക്കുന്നു, പ്രതിരോധശക്തി കൂടുന്നു.  എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച ഔഷധവീര്യമുള്ള മേഘം ഏതോ രാജ്യത്ത്‍ പോയി വര്‍ഷമായി കീഴോട്ട്‍ പതിയ്ക്കുന്നു. ഏതോ രാജ്യത്ത്‍ നില്‍ക്കുന്ന ഒരു മരത്തിന്‌ ആ മഴവെള്ളം കിട്ടുന്നു. ആ മരം മുറിച്ച്‍ അത്‍ ഔഷധമായോ മറ്റെന്തെങ്കിലും ഒരു സാധനമായോ ഏതോ നാട്ടില്‍ കിടക്കുന്ന ഒരാള്‍ ഉപയോഗിയ്ക്കുന്നു. അയാളുടെ രോഗം മാറുന്നു.  ദൂരെ എവിടെയോ ഉള്ള ഒരു വ്യക്തിയ്ക്ക്‍ ഒരു വസ്ത്രം കൊടുക്കണമെന്ന്‍ വിചാരിക്കുക. ആ സങ്കല്പവുംകൊണ്ടാന്‌ യജ്ഞം ചെയ്യുന്നത്‍. മന്ത്രം ജപിച്ച്‍ ഹവിസ്സ്‍ അഗ്നിയില്‍ അര്‍പ്പിക്കുന്നു. അതിന്റെ പുക മേഘമായി എത്രയോ ദൂരം പോയി അത്‍ വര്‍ഷമായി ഭൂമിയിലേയ്ക്ക്‍ വീണ്‌ ആ ജലംകൊണ്ട്‍ ഒരു വ്ര്‌ക്ഷമുണ്ടായി ആ വ്ര്‌ക്ഷം ആരോ ഒരാള്‍ മുറിച്ച്‍ അതിനെ ഫാക്ടറിയില്‍ എത്തിച്ച്‍ അവിടെ അതിനെ മുറിച്ച്‍ അരച്ച്‍ പള്‍പ്പ്‍ ആക്കി അതുകൊണ്ട്‍ വസ്ത്രമുണ്ടാക്കി അത്‍ ഏതോ ഒരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ അവിടുന്ന്‍ ഏതോ ഒരു രാജ്യക്കാരന്‍ അതിനെ വാങ്ങിച്ച്‍ വീണ്ടും മറ്റൊരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ വീണ്ടും ഒരു ഡീലര്‍ അത്‍ വാങ്ങി ഒരു കടക്കാരന്‌ കൊടുത്ത്‍ അത്‍ അവിടുത്തെ ഓരാള്‍ വാങ്ങിച്ച്‍ ഞാന്‍ സങ്കല്പിച്ച വ്യക്തിയ്ക്ക്‍ ഒരു ഉപഹാരമായി കൊടുത്ത്‍ അത്‍ അദ്ദേഹം  ഉപയോഗിയ്ക്കുമ്പോള്‍ ഏതൊരു സങ്കല്പത്താലാണോ യജ്ഞം ചെയ്തത്‍ അത്‍ പൂര്‍ണ്ണമാകുന്നു. ഇങ്ങനെ ഓരോരുത്തരും യജ്ഞങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്‌ പറയുന്നത്‍. ഇതേപോലെ മറ്റ്‍ വ്യക്തികളെ, മറ്റ്‍ ജീവജാലങ്ങളെ ഉദ്ദേശിച്ച്‍ ഓരോ വ്യക്തിയും ജീവിയ്ക്കുമ്പോള്‍ ഗീതയിലെ സഹയജ്ഞാ പ്രജാസ്ര്‌ഷ്ട്വാ എന്ന തലം സംജാതമാവുകയും യജ്ഞസങ്കല്പം പൂവണിയുകയും ചെയ്യുന്നു.  രാഷ്ട്രത്തിന്റെ ഒരറ്റത്തിരുന്ന്‍ ഓരോരുത്തരും യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത്‍ മറ്റുള്ളവരില്‍ എത്തുന്നു. അങ്ങിനെ രാഷ്ട്രത്തിലെ ഓരോ വ്യക്തിയും ആ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. രാഷ്ട്രത്തിലെ ഓരോ വ്യക്തിയും എന്റെ സ്വന്തം കുടുംബാംഗമാണെന്ന ബോധത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു, ഓരോ ജീവജാലങ്ങളും മനുഷ്യനും മനുഷ്യേതര ജീവികള്‍ക്കും ഈ പ്രക്ര്‌തിയ്ക്കും വേണ്ടിയാണെന്ന്‍ അറിയുന്നു. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും കഴിയുന്നു.  ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ നല്ലവശങ്ങള്‍ മറ്റൊരാള്‍ അനുഭവിയ്ക്കുന്നു. ഇങ്ങനെ സഹയജ്ഞാ എന്ന സിദ്ധാന്തം സഫലീകരിക്കപ്പെടുന്നു.  ഇവിടെയാണ്‌ ലോകാ: സമസ്താ സുഖിനോ ഭവന്തു എന്ന സര്‍വ്വസമ്മതമായ മന്ത്രത്തിന്റെ പ്രസക്തിയും ഉണ്ടാകുന്നത്‍. ഈ ഒരു സങ്കല്പത്തില്‍ ഒരു ജനതതി ഉണ്ടായിത്തീരുക, അത് വളര്‍ന്നുവരിക, ഒരു രാഷ്ട്രംതന്നെ ഇത്തരത്തില്‍ ഉരുത്തിരിഞ്ഞ്‍ വികസിച്ചു വരിക, അതിനനുഗുണമായി അതിലെ ജനതതി ജീവിയ്ക്കുക...  എന്തായിരിയ്ക്കും ആ ഋഷീശ്വരന്മാരുടെ ദീര്‍ഘദ്ര്‌ഷ്ടി, ഒന്ന്‍ സങ്കല്‍പ്പിയ്ക്കാന്‍ പറ്റുന്നുണ്ടോ....... !!!!

No comments:

Post a Comment