28 May 2016

മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകുമോ?

മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകുമോ?

  അടുക്കളയില്‍ നിന്നോ കലവറയില്‍ നിന്നോ എക്കിളോടുകൂടി പുറത്തുവരുന്ന കുട്ടികളെ നോക്കി മുതിര്‍ന്നവര്‍ പറയും, എന്തോ മോഷ്ടിച്ച് കഴിച്ചു, അതുകൊണ്ടാണ് എക്കിള്‍ ഉണ്ടായതെന്ന്.

  മുതിര്‍ന്നവര്‍ നടത്തിയ കണ്ടുപിടുത്തം ശരിതന്നെ. മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാവും. സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ആഹാരസാധനങ്ങള്‍ കുട്ടികള്‍ ധൃതിപിടിച്ചാണല്ലോ കഴിക്കുന്നത്. ധൃതിപിടിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് എക്കിള്‍ ഉണ്ടാകുന്നതെന്ന് ശാസ്ത്രം പറയുന്നു. അപ്പോള്‍ മോഷ്ടിച്ചുകഴിച്ചതുകൊണ്ടല്ലെങ്കിലും മോഷ്ടിച്ചെടുത്ത ആഹാരപദാര്‍ത്ഥം ധൃതിയില്‍ കഴിച്ചതുകൊണ്ടാണ്‌ എക്കിള്‍ ഉണ്ടായത്.

  ഇതുകൂടാതെ ചുക്കുകാപ്പി കുടിക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ദഹനക്കുറവുണ്ടാകുമ്പോഴുമൊക്കെ എക്കിള്‍ അനുഭവപ്പെടാറുണ്ട്.

  മനുഷ്യശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് എക്കിള്‍ ഉണ്ടാവുന്നത്. അസ്വസ്ഥത ഉണ്ടാകുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങും. ഈ ചുരുങ്ങല്‍ തടയുന്നതിനുവേണ്ടി ചെറുനാക്ക് അടയുന്നതാണ് എക്കിളായി അനുഭവപ്പെടുന്നത്.

  ഇതൊരു രോഗലക്ഷണമല്ലെങ്കിലും മെനൈഞ്ചറ്റിസ്, ന്യുമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ പിടിപ്പെട്ടവരില്‍ തുടര്‍ച്ചയായി എക്കിള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment