ക്ഷേത്രം
["ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ"]
ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം.
ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥംശരീരം എന്നാണ് ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന് രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ് ക്ഷേത്രങ്ങൾ. എന്നാൽ ക്ഷേത്ര എന്ന പദത്തിന് സ്ഥലം എന്നർത്ഥമാണ് മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം.
ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാ സങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.
ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷുമ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.
No comments:
Post a Comment