ഹനുമാനും വടയും
നാം ക്ഷേത്രത്തിങ്ങളിൽ പോകാറുണ്ട്.. ഓരോ ക്ഷേത്രങ്ങളിലേയും ആചാരാനുഷ്ഠാനങ്ങൾ ദേശമനുസരിച്ച് വ്യത്യസ്തമാണ്.. അത് കൊണ്ട് തന്നെ ക്ഷേത്രത്തിലെ പൂജാരീതി അനുസരിച്ച് നാം വഴിപാടുകളും നടത്താറുണ്ട്.. അത് മാലയോ, പുഷ്പാഞ്ജലിയോ, അര്ചനയോ എന്തുമാകട്ടെ. അത് നമുക്ക് സ്വീകരിക്കാതെ വയ്യ.
എന്നിരുന്നാലും ചില വഴിപാടുകൾ കാണുമ്പോൾ വിശ്വാസം ആണ് പ്രധാനം എങ്കിൽ പോലും യുക്തി സഹമായ ചോദ്യം മനസ്സിൽ വന്നുപോകുന്നു.
ഹനുമാൻ ക്ഷേത്രത്തിൽ ദര്ശനത്തിന് പ്രവേശിക്കുന്ന സമയം വടമാല ഹനുമാന് പ്രധാനമാണെന്നും അതുകൊണ്ട് വടമാല ആണ് ഇവിടത്തെ പ്രധാന വഴിപാടു എന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു.. അമ്പലത്തിന് അകത്തും പുറത്തും ഉഴുന്നുവടകൾകൊണ്ടുള്ള മാല ധാരാളം. ഹനുമാനും വടമാലയുമോ.. പരസ്പരബന്ധം യാതൊരു സാധ്യതയുമില്ലാത്ത ഒന്നാണെന്ന് തോന്നി. സത്യം അറിയുവാനുള്ള ശ്രമിത്തിലാണ് മനസ്സിലായത് വടമാല എന്നത് ഉഴുന്നു വട അല്ല എന്നും, രാവണോദ്യാനത്തിൽ ശ്രീരാമന്റെ സന്ദേശം എത്തിച്ച ഹനുമാനെ സീതാദേവി വടവൃക്ഷത്തിന്റെ ഇലകൾ കൊണ്ട് മാല ഉണ്ടാക്കി അണിയിച്ചു എന്നും വടവൃക്ഷത്തിന്റെ ഇല തലയിൽ ഇട്ടുകൊണ്ട് അനുഗ്രഹിച്ചു എന്നും ഉള്ള രണ്ട് കഥ ഉണ്ട് എന്ന് മനസ്സിലായി. അങ്ങിനെ രാമായണത്തിലെ വടവൃക്ഷത്തിന്റെ ഇലകൊണ്ടുള്ള മാല ഉഴുന്നു വട മാല ആയി.
യഥാര്ഥത്തിൽ എവിടെയാണ് നമുക്ക് തെറ്റുകൾ പറ്റുന്നത് എന്ന് ആലോചിച്ചപ്പോൾ ചെറുപ്പത്തിലെ വായിച്ച കറുത്ത പൂച്ചയുടെ കഥ ഓര്മ വന്നു.. ഒരു ബ്രാഹ്മണന്റെ വീട്ടിൽ കറുത്ത പൂച്ച ഉണ്ടായിരുന്നു.. നിത്യകര്മം ചെയ്യാനിരിക്കുന്ന സമയം പൂച്ച വന്ന് സ്ഥിരമായി പാലുതട്ടിമറിക്കും. അല്ലെങ്കിൽ ശല്യം ചെയ്യും.. സഹികെട്ട ബ്രാഹ്മണൻ പൂജയ്കു മുന്പെ പൂച്ചയെ അടുത്തുള്ള തൂണിൽ കെട്ടിയിടാൻ തുടങ്ങി. ചെറിയ പ്രായത്തിൽ ഇതു കണ്ടു കൊണ്ട് ബ്രാഹ്മണന്റെ പുത്രനും വളര്ന്നു.. കാലം കഴിഞ്ഞു ബ്രാഹ്മണന്റെ കാലശേഷം പുത്രൻ പൂജാദി കാര്യങ്ങൾ നോക്കിതുടങ്ങി. പൂജകൾക്ക് ചാര്ത്തെഴുതുമ്പോൾ ബ്രാഹ്മണന്റെ പുത്രൻ ഏറ്റവും ആദ്യം എഴുതിയത് കറുത്ത പൂച്ച!!!
ഇതുപോലെയാണ് നമ്മളും... എന്തിന് എന്ന് അറിയാനെ ശ്രമിക്കാറില്ല.. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചോദ്യം ചെയ്യപ്പെടാനോ അല്ലെങ്കിൽ അറിയുവാനോ പാടില്ലാത്തവയാണ് എന്നുള്ള നമ്മുടെ ചിന്തയാകണം ഇന്നത്തെ ഈ അവസ്ഥക്ക് കാരണം.. അതുകൊണ്ട് ക്ഷേത്രദര്ശനത്തിനിടയിലോ അല്ലാത്തസമയങ്ങളിലോ അറിയാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കാണുമ്പോൾ 2 നിമിഷം കൂടുതൽ എടുത്ത് അത് എന്തിനെന്ന് അറിയാൻ ശ്രമിക്കു.. നമ്മുടെ പൈതൃകത്തെകുറിച്ച് അറിയുവാനുള്ള അവകാശം നമുക്കുണ്ട്..
No comments:
Post a Comment