10 April 2016

ഗരുഡൻ പറവ

ഗരുഡൻ പറവ

മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.

ഐതിഹ്യം
ഈ കലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ കഥ ഇങ്ങനെയാണ്; ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ഐതിഹ്യം പറയുന്നു. ഗരുഡന്റെ രക്തം പാനം ചെയ്തതിനുശേഷമേ കാളിയുടെ കോപം അടങ്ങിയുള്ളൂ എന്നുമാണ് ഐതിഹ്യ കഥ.

ഗരുഡൻ തൂക്കം: അനുഷ്ഠാനവിധം
വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

കൊല്ലങ്കോട്, ശാർക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ തൂക്കക്കാരനെ തൂക്കിയിടാൻ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തിൽ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാൽ അക്ഷരാർഥത്തിൽ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലിൽ നിന്ന് തൂക്കിയിടുന്ന അവസരത്തിൽ അയാളുടെ മുതുകിൽ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏർപ്പാടായി ഇതിനെ കണക്കാക്കാം. അതിനാൽ ശരീരത്തിൽ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോൾ നിലവിൽ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാർക്കരയിലും നിലനിൽക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തിൽ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്.

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കൾ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.

കൊല്ലങ്കോട്ടും ശാർക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തിൽ തൂക്കിയിട്ടുകഴിഞ്ഞാൽ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ൽപരം അടിയോളം ഉയർത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കും. ഭക്തന്മാർ ചേർന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാൽ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തിൽ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടർന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേർച്ചക്കാർ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു. ഗരുഡൻ തൂക്കം

കൊല്ലങ്കോട്ടെ ക്ഷേത്രത്തിലെ തൂക്കത്തിന് സമാന്തരങ്ങളായ രണ്ട് വില്ലുകൾ ഉപയോഗിക്കുന്നു. ഓരോ വില്ലിന്റെയും അഗ്രഭാഗത്ത് കുറുകെ ഓരോ തടിക്കഷണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആ തടിക്കഷണത്തിന്റെ ഇരുഭാഗത്തുനിന്നുമായി ഓരോ വില്ലിനോടും രണ്ട് തൂക്കക്കാരെ ബന്ധിക്കുന്നു. അവരുടെ കൈയിൽ 4 ശിശുക്കളേയും ഏല്പിക്കുന്നു. അങ്ങനെ ഒരു തവണ വില്ല് പ്രദക്ഷിണം വയ്ക്കുമ്പോൾ 4 തൂക്കക്കാരും 4 ശിശുക്കളുമായിരിക്കും തൂക്കത്തിൽ പങ്കെടുക്കുന്നത്. ഈ രൂപത്തിലുള്ള തൂക്കത്തെ പിള്ളത്തൂക്കം എന്നാണ് പറയുന്നത്. പിള്ള എന്ന പദത്തിന് ശിശു എന്നർഥം. മൂന്ന് മാസം മുതൽ ഒരു വയസ്സുവരെ പ്രായമുള്ള ശിശുക്കളെയാണ് തൂക്കത്തിന് സമർപ്പിക്കാറുള്ളത്. ആ ശിശുക്കൾ, അഥവാ അവരുടെ മാതാപിതാക്കൾ ആണ് നേർച്ചക്കാർ.

ശാർക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാൽ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തിൽ പങ്കാളികളാകുന്നത്.

No comments:

Post a Comment