9 April 2016

പ്രദക്ഷിണം വക്കുന്നത് എന്തിനാണ് ..?

പ്രദക്ഷിണം വക്കുന്നത് എന്തിനാണ് ..?

ശാസ്ത്രീയമായി തന്നെ പറയാന്‍ ശ്രമിക്കാം.
ആദ്യമായി ഈ ലോകം നില നില്‍ക്കുന്നത് തന്നെ ഒരു പ്രദക്ഷിണത്തില്‍ ആണല്ലോ... ഏറ്റവും ചെറിയ കണികയായ ഒരു ആറ്റത്തിലെ ഇലക്ട്രോണും ന്യൂട്രോണും പ്രോട്ടോണും ന്യൂക്ലിയസ്സിനെ പ്രദക്ഷിണം ചെയ്യുന്നു. ചന്ദ്രന്‍ ഭൂമിയെയും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെയും പ്രദക്ഷിണം ചെയ്യുന്നു. ഈ ആകാശ ഗംഗ തന്നെ സ്വയം കറങ്ങുന്നു. ഒപ്പം അത് മറ്റു എന്തിനെയോ പ്രദക്ഷിണം ചെയ്യുന്നു. ഗ്യാലക്സികളുടെ രൂപം തന്നെ നോക്കുക..!
എന്തുകൊണ്ടാണ് ഇതെല്ലാം കറങ്ങുന്നത് എന്ന് ചോദിച്ചാല്‍ ശാസ്ത്രീയമായി; ഒരു കാന്തിക ഫലമായി അഥവാ ആകര്‍ഷണ ഫലമായി എന്ന് പറയാം. പക്ഷെ അങ്ങിനെയെങ്കില്‍ ഈ ആകാശ ഗംഗയും നക്ഷത്രങ്ങളും കാണപ്പെടുന്ന സര്‍വ്വ ചരാചരങ്ങളും പ്രദക്ഷിണം ചെയ്യുന്നത് എന്തിനെയാണ് ? എന്താണ് ഈ സര്‍വ്വ പ്രപഞ്ചത്തിന്റെയും കേന്ദ്ര ബിന്ദു ? ആ ബിന്ദുവിന്റെ ആകര്‍ഷണം ആശ്രയിച്ച് ആണല്ലോ ഇവയെല്ലാം നില നില്‍ക്കുന്നതും സ്വയം കറങ്ങുന്നതും.
ഇനി ആ കേന്ദ്ര ബിന്ദുവും പ്രപഞ്ചവും വേറെയാണോ എന്ന് ചോദിച്ചാല്‍ അല്ല. വാച്ച് എന്ന് പറയുമ്പോള്‍ അതിന്റെ കേന്ദ്ര ബിന്ദുവും അക്കങ്ങളും സൂചികളും എല്ലാം ഉള്‍പ്പെടുന്നത് പോലെ ; വാച്ചിലെ കേന്ദ്ര ബിന്ദുവിനെ ആശ്രയിച്ച് എല്ലാം നില നില്‍ക്കുന്നത് പോലെ. ഈശ്വരന്‍ എന്ന കേന്ദ്ര ബിന്ദുവിനെ ആശ്രയിച്ച് ഈ പ്രപഞ്ചം നില നില്‍ക്കുന്നു. എന്നാല്‍ വാച്ചിന്റെ കാര്യം പറഞ്ഞത് പോലെ ഈശ്വരനും ഈ പ്രപഞ്ചവും രണ്ടല്ല, ഒന്ന് തന്നെ. എന്ന് അറിയുന്നവന്‍ സത്യം അറിയുന്നു.

ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ സര്‍വ്വ പ്രപഞ്ചത്തിനും കാരണ ഭൂതനായ , കേന്ദ്രബിന്ദുവായ ആ ശക്തിയെ ഞാന്‍ പ്രദക്ഷിണം ചെയ്യുന്നു എന്ന് മനസ്സിലാക്കുക.

പ്രദക്ഷിണവിധി

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം.

ദേവന്റെ വലതുഭാഗത്തേയ്ക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വർത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്‍റെ ഓരോ അക്ഷരത്തിനും പ്രത്യേകം അർത്ഥമുണ്ട്.
'പ്ര' എന്ന ശബ്ദം എല്ലാ ഭയങ്ങളേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു. മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ്  'ദ'.
'ക്ഷി' എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു.
'ണ' എന്ന ശബ്ദം എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്നു.

കുളിച്ച് ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ, മുക്കിയെടുത്ത വസ്ത്രമോ ധരിച്ച് അതാത് ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്രഗോപുരത്തിൽ എത്തുന്ന ഭക്തൻ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളിൽ കടക്കണം.
വലിയ ബലിക്കല്ലിന്റെ അടുത്ത് എത്തിയശേഷം ദേവനെ സ്മരിച്ച് തൊഴുത് ദേവനെ വലത്താക്കിക്കൊണ്ട്,
(വലം വെക്കുക എന്നും പറയാറുണ്ട് )
ബലിക്കല്ലുകള്‍ക്കു പുറത്തുകൂടി പ്രദക്ഷിണം വെക്കണം.

ഗണപതിക്ക് 1
സൂര്യന് 2
ശിവന് 3
വിഷ്ണു , ദേവിക്കും 4
ശാസ്താവിന് 5
സുബ്രഹ്മണ്യന് 6
അരയാലിന് 7

കൂടാതെ 21 പ്രദക്ഷിണം ഏറ്റവും ഉത്തമമാണെന്നു പറയുന്നു.
കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്.
ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്.

No comments:

Post a Comment