9 April 2016

ഹോളി ആഘോഷത്തെക്കുറിച്ച് അറിയാമോ ?

ഹോളി  ആഘോഷത്തെക്കുറിച്ച്  അറിയാമോ ?
വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം.

ഹോളിയുടെ  ഐതിഹ്യം

പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു.

No comments:

Post a Comment