31 March 2016

സര്‍പ്പദോഷം

സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

സര്‍പ്പദോഷം
സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

No comments:

Post a Comment