30 March 2016

സമൃദ്ധിയുടെ വിഷു

സമൃദ്ധിയുടെ വിഷു

അസുര ശക്തിയുടെ മേല്‍ ദേവശക്തി വിജയം വരിച്ചതിന്റെ ഓര്‍മ്മ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. പുരാതന ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക പഞ്ചാംഗത്തിലെ വര്‍ഷാരംഭമാണ് ഈ ദിനം. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയായ വിഷു ആഘോഷം മലയാള മാസമായ മേടം ഒന്നിനാണ് ആഘോഷിക്കപ്പെടുന്നത്. 'തുല്യമായത്' എന്നര്‍ത്ഥം വരുന്നതാണ് 'വിഷു'വെന്ന വാക്ക്.രാവും പകലും തുല്യമായി വരുന്ന ദിവസമാണ് മേടം ഒന്ന്. രാശി ചക്രത്തിലൂടെയുള്ള സൂര്യന്റെ സഞ്ചാര പഥത്തില്‍ കഴിഞ്ഞ ആയിരം കൊല്ലത്തിനിടയില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ മൂലം ഈ തുല്യമായ ദിനം ഇപ്പോള്‍ മീനമാസത്തിലാണ്. എന്നാല്‍ ആഘോഷത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് നമ്മളിപ്പോഴും മേടം ഒന്നിന് തന്നെ വിഷു ആഘോഷിക്കുന്നു. ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലെയ്ക്കുള്ള സൂര്യന്റെ പ്രയാണത്തെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഏറ്റവും മഹത്തായ സംക്രാന്തിയാണ് വിഷുവിനു തലേ രാത്രി. ആയതിനാല്‍ വിഷു ആഘോഷവും രാത്രിയും പകലും നീണ്ടു നില്‍ക്കുന്നു .രാശിയില്‍ മാറ്റമുണ്ടായിട്ടുന്ടെങ്കിലും വിഷു ആഘോഷത്തിനായി മാറ്റമില്ലാതെ ഒരു അത്യാവശ്യ കാര്യം പ്രകൃതി നിലനിര്‍ത്തിയിട്ടുണ്ട് ! വിഷുവിനു ഒഴിച്ചുകൂടാന്‍ പറ്റാത്ത കണിക്കൊന്നപ്പൂക്കള്‍ ! കേരളത്തിന്റെ സംസ്ഥാന പുഷ്പം കൂടിയായ ഈ മഞ്ഞപ്പൂക്കള്‍ കണി വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ്. 'വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം' എന്നാണ് കൊന്നമരത്തെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞിരുന്നത്. വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ രണ്ടു പ്രധാനപെട്ട ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നത്. ധാന്യങ്ങളുടെ വിളവെടുപ്പായ ഓണവും, പഴം പച്ചക്കറികളുടെ വിളവെടുപ്പായ വിഷുവും. വിഷുവിന്റെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ വിഷുക്കണിക്കു ശ്രീ കൃഷ്ണന്റെ വിഗ്രഹത്തോടൊപ്പം പഴവര്‍ഗ്ഗങ്ങളും പച്ചക്കറി വിഭവങ്ങളും സ്ഥാനം പിടിച്ചത് ഇതുമൂലമാണ് . അടുത്ത വര്‍ഷവും വിളവു സമൃദ്ധമായി ഉണ്ടാകുന്നതിനായി കൃഷിയിടങ്ങളുമായും കാര്‍ഷിക ഉപകരണങ്ങളുമായും ബന്ധപ്പെട്ട ചില ആചാരങ്ങളും വിഷു ആഘോഷത്തിന്റെ ഭാഗമാണ്.

No comments:

Post a Comment