1 April 2016

നന്ദീശ്വരനില്ലാത്ത ശിവക്ഷേത്രം

നന്ദീശ്വരനില്ലാത്ത ശിവക്ഷേത്രം.........

കപാ‍ലേശ്വര്‍ മഹാദേവ ക്ഷേത്രം ....മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ പഞ്ചവടി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ പരമശിവന്‍ ഇവിടെ വസിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശിവലിംഗത്തിന് മുന്നില്‍ നന്ദിയുടെ വിഗ്രഹമില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രമാണ് ഇത്. ഇതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയും.
നന്ദിയുടെ വിഗ്രഹം ഇവിടെ ഇല്ലാത്തതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഇന്ദ്രസഭയില്‍ വച്ച് ഒരിക്കല്‍ ബ്രഹ്മദേവനും ശിവനും തമ്മില്‍ തര്‍ക്കമുണ്ടായി എന്നും ആ അവസരത്തില്‍ ബ്രഹ്മാവിന് അഞ്ച് ശിരസുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ഇതില്‍ നാല് ശിരസുകള്‍ കൊണ്ട് ബ്രഹ്മ ദേവന്‍ വേദങ്ങള്‍ ഉരുവിടുകയും അഞ്ചാമത്തെ ശിരസ് കൊണ്ട് ശിവഭഗവാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇതില്‍ കോപിഷ്ഠനായ ശിവന്‍ ബ്രഹ്മദേവന്‍റെ അഞ്ചാമത്തെ ശിരസ് ഛേദിക്കുകയും ചെയ്തു. ഇതോടെ ശിവഭഗവാന്‍
ബ്രഹ്മഹത്യാ പാപത്തിന് വിധേയനായി( ബ്രാഹ്‌മണനെ കൊല്ലുന്നത് മൂലം ഉണ്ടാകുന്ന പാപം). പാ‍പത്തില്‍ നിന്ന് മുക്തി തേടി ശിവ ഭഗവാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. എന്നാല്‍, പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒരു ദിവസം സോമേശ്വറില്‍ വച്ച് ഒരു പശുവും കിടാവും ബ്രാഹ്മണന്‍റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് ഭഗവാന്‍ കാണാനിടയായി. കിടാവിന്‍റെ മൂക്കിലൂടെ കയര്‍ കെട്ടാന്‍ ശ്രമിക്കുകയാണ് ബ്രാ‌ഹ്മണന്‍. അസ്വസ്ഥത അനുഭവപ്പെട്ട കിടാവ് ബ്രാഹ്‌മണനെ കൊലപ്പെടുത്താന്‍ തുനിഞ്ഞെങ്കിലും പശു വിലക്കി. ബ്രഹ്മഹത്യാ പാപം ഉണ്ടാകുമെന്ന ഭയത്താലായിരുന്നു ഇത്.
എന്നാല്‍, പാപത്തില്‍ നിന്ന് മോചനം നേടാനുള്ള വഴി തനിക്കറിയാമെന്ന് കിടാവ് മാതാവിനോട് പറഞ്ഞു. ഇത് കേള്‍ക്കാനിടയായ ശിവഭഗവാനും ജിജ്ഞാസുവായി. കൊമ്പ് കൊണ്ട് ബ്രാഹ്‌മണനെ കുത്തിക്കൊന്ന കിടാവിന്‍റെ ശരീരം പാപത്താല്‍ ഇരുണ്ട നിറമായി മാറി. ഇതിന് ശേഷം കിടാ‍വ് നാസിക്കിലെ ഗോദാവരി നദിയിലെ രാമകുണ്ഡം ലക്‍ഷ്യമാക്കി നടന്നു. ശിവ ഭഗവാന്‍ കിടാവിനെ പിന്തുടര്‍ന്നു. ഇതില്‍ മുങ്ങി നിവര്‍ന്ന കിടാവിന്‍റെ ശരീരം വീണ്ടും വെളുത്ത നിറമായി. ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് കിടാവ് മുക്തനാകുകയും ചെയ്തു.
ശിവ ഭഗവാനും ഇതേ പോലെ രാമകുണ്ഡത്തില്‍ മുങ്ങി ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മുക്തി നേടി. ഇതിന് ശേഷം ശിവ ഭഗവാന്‍ ഗോദാവരി നദിക്ക് സമീപം ഉള്ള കുന്നിലേക്ക് പോയി. ഭഗവാനെ അനുഗമിച്ച കിടാവ് അദ്ദേഹത്തിന് മുന്നില്‍
ഇരുന്നു. എന്നാല്‍, താന്‍ ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മുക്തി നേടിയത് കിടാവ് കാരണമായതിനാല്‍ മുന്നില്‍ ഇരിക്കരുതെന്ന് ഭഗവാന്‍ കിടാവിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. കിടാവിനെ ഗുരു സ്ഥാനത്ത് കാണുന്നതിനാലാണിത്.
ഇത് കാരണമാണ് ഈ ക്ഷേത്രത്തില്‍ ശിവലിംഗത്തിന്‍റെ മുന്നില്‍ നന്ദിയുടെ വിഗ്രഹമില്ലാത്തത്. നന്ദി രാമകുണ്ഡത്തില്‍ തന്നെ വസിക്കുന്നു എന്നാണ് വിശ്വാസം.....................

No comments:

Post a Comment