8 May 2016

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

    ജപിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ മറ്റു ചലനങ്ങളെല്ലാം മാറി മനസ്സ് നിശ്ചലമായി വരുന്നതായും ഈ പ്രക്രിയയില്‍ ഒരു ലയം അനുഭവപ്പെടുകയും ചെയ്യും. സാധാരണഗതിയില്‍ നാം ചെയ്യുന്ന ശ്വാസോച്ഛാസം ക്രമേണ നേര്‍ത്തുനേര്‍ത്തു വരികയും അങ്ങനെ അവസാനം സ്വാഭാവികമായി ശ്വാസചലനം നില്‍ക്കുന്നതായും സാധകന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ജപത്തിന്റെ ഉച്ചകോടിയാണിത്. ശ്വാസവും ജപവും തമ്മില്‍ ബന്ധമുണ്ട്. സാധാരണ ശ്വാസത്തില്‍ നാം ബോധവന്മാരല്ല. നമ്മുടെ ഇച്ഛക്കതീതമായി നമ്മുടെ ദേഹത്തിന്റെ സ്വാഭാവികസ്പന്ദനത്തിനനുസൃതമായി അത് നടന്നുകൊള്ളും. ഈ ശ്വാസവും മന്ത്ര ജപകാലവും ഏകതാനമായി വരുവാനും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസചലനത്തോടൊത്തുവേണം ജപിക്കുവാന്‍. ജപത്തിന്റെ ഇടയില്‍ ശ്വാസം മുറിയരുത്. ശ്വാസം ഇല്ലാതെയുള്ള അവസരത്തില്‍ ജപം നടത്തുകയെന്നത് എത്രയോ കൂടുതല്‍ അഭ്യാസത്തിന് ശേഷം വരേണ്ട ഒരു അവസ്ഥയാണ്. ആദ്യകാലത്ത് അതിനാല്‍ ഒരു പ്രാവശ്യത്തെ മന്ത്രജപത്തില്‍ ശ്വാസം മുറിയാതെ നോക്കണം. വൈദിക ഋക്കുകള്‍ ഒരൊറ്റ ശ്വാസത്തില്‍ തന്നെ ചൊല്ലിത്തീരണമെന്നും ഒരു ഋക്ക് ചൊല്ലുന്നതിനിടയ്ക്ക് മറ്റൊരു ശ്വാസചലനം വരാന്‍ പാടില്ലെന്നും പഴയ ആളുകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിന്റെ രഹസ്യം ഇതാണ്. അപ്പോള്‍ സാധാരണ ഉച്ചജപം അഥവാ വൈഖരീജപം നമ്മുടെ നിശ്വാസത്തില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഉച്ച്ച്വാസത്തില്‍ (ശ്വാസം മേലോട്ട് വലിക്കുമ്പോള്‍) സാധ്യമല്ലെന്നും പ്രായോഗികമായി ചെയ്തുനോക്കിയാല്‍ അറിയാം. മാനസിക ജപത്തിനിത് ബാധകമല്ല. ഉച്ച്ച്വാസത്തിലും നിശ്വാസത്തിലും അതായത് രേചകങ്ങളിലും കുംഭകങ്ങളിലും മാനസിക ജപത്തിന് പ്രസക്തിയുണ്ട്. അത് വൈഖരിക്ക് സാധ്യമല്ല. 

No comments:

Post a Comment