ദീപാവലിക്ക് തേച്ചുകുളി ആചാരം
ആശ്വിന (തുലാം) മാസത്തിലെ കറുത്ത പക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. നരകചതുര്‍ദ്ദശിയെന്നും പറയും. അന്ന് വെളുപ്പിന് വീട്ടിലുള്ളവരെല്ലാം ഉണരും. ദീപം കത്തിച്ചുവെയ്ക്കും. അന്ന് എല്ലാവരും എണ്ണതേച്ചുകുളിക്കണമെന്നാണ് ആചാരം. ശ്രീകൃഷ്ണന്‍ സത്യഭാമയോടൊത്തു പോയി നരകാസുരനെ കൊന്നത് ദീപാവലിനാള്‍ അര്‍ദ്ധരാത്രിയിലായിരുന്നു. വെളുപ്പിന് ഗംഗാതീര്‍ഥത്തിലെത്തി, ശരീരത്തിലുള്ള നരകാസുരന്റെ രക്തം കഴുകിക്കളഞ്ഞു. സത്യഭാമ ഭര്‍ത്താവിന്റെ ശരീരത്തിലെ മുറിപ്പാടുകളെ തൈലം പുരട്ടി തടവി. ഭഗവാന്‍ അജ്ഞതയെ സത്യത്തിന്റെ മിന്നല്‍കൊണ്ട് നശിപ്പിച്ചു. അതിന്റെ സ്മരണയായാണ് ദീപാവലി ആഘോഷിക്കുന്നത്. അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച് ലോകത്തില്‍ മുഴുവന്‍ വെളിച്ചം പകരുന്നു എന്ന് പ്രതീകാത്മകമായി തെളിയിക്കുകയാണ് ദീപാവലി. അന്ന് എല്ലാവരും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നു. ദീപങ്ങള്‍ കത്തിച്ചുവെച്ച് പൂജയും നിവേദ്യവും സര്‍വ്വര്‍ക്കും മധുരപലഹാരങ്ങളും നല്‍കി മഹാവിഷ്ണുവിന്റെ വിജയം ആഘോഷിക്കുന്നു. കുളിയും ദീപാലങ്കാരങ്ങളും, അസുരനെ കൊന്നതിലുള്ള സന്തോഷം ദേവന്മാര്‍ പങ്കുവെയ്ക്കുന്ന ചടങ്ങായി കരുതുന്നു. യുദ്ധം കഴിഞ്ഞുള്ള ശരീരവേദന അകറ്റാനുള്ള ഭഗവാന്റെ തേച്ചുകുളിയെസ്മരിച്ചുകൊണ്ടാണത്രെ അന്ന് എല്ലാവരും തേച്ചുകുളിക്കുന്ന ആചാരമുണ്ടായത്.
No comments:
Post a Comment